ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യേപേക്ഷ കോടതി തള്ളി; ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

0
398

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രഹിംകുഞ്ഞിന്റെ ജാമ്യേപേക്ഷ കോടതി തള്ളി. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഒരു ദിവസത്തെ അനുമതിയും കോടതി നൽകി. ലേക് ഷോർ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനായി ഏഴു നിബന്ധനകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

നവംബര്‍ 30-നാണ് വിജിലന്‍സിന് ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്.  ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെയാണ് ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്. നവംബര്‍ 30-ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ശേഷം മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. ഇത്തരത്തില്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സംഘത്തില്‍ പാടില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നല്‍കണം. ചികിത്സ തടസപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. തുടങ്ങിയവയാണ് കോടതി നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകൾ. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്. ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമായിരുന്നു കോടതിക്ക് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട്.