റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രം ശേഷിക്കെ മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു!

0
1408
master.film
master.film

എത്ര നാളത്തെ കഷ്ടപ്പാടും ത്യാഗം സഹിച്ചാണ് ഒരു സിനിമയുടെ നിർമ്മാണം. അതെല്ലാം ഒറ്റ നിമിഷം തകർത്തു കൊണ്ട് റിലീസ് ചെയ്യാൻ വെറും ഒരേ ഒരു ദിവസം മാത്രം ശേഷിക്കെ വിജയ് ചിത്രം മാസ്റ്റര്‍ ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുളള പ്രധാന ഭാഗങ്ങള്‍ ആണ് റിലീസിന് തൊട്ട് മുന്‍പായി ചോര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി  മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നത് എന്ന് നിര്‍മ്മാണ കമ്ബനി ആരോപിച്ചു.മാസ്റ്റര്‍ കഴിഞ്ഞ ദിവസം വിതരണക്കാര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ഈ ഷോക്കിടെയാണ് ക്ലൈമാക്‌സ് അടക്കമുളള രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് കരുതുന്നത്.

master
master

വിതരണക്കമ്പനിയായ സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണ് ചിത്രം ചോര്‍ത്തിയത് എന്നാണ് നിര്‍മ്മാണ കമ്പനി ആരോപിക്കുന്നത്. ഈ ജീവനക്കാരനെതിരെ നിര്‍മ്മാണ കമ്പനി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.കൊവിഡ് കാരണം പത്ത് മാസത്തോളമായി അടച്ചിട്ട തിയറ്ററുകള്‍ മാസ്റ്റര്‍ റിലീസോട് കൂടി കേരളത്തില്‍ അടക്കം നാളെ തുറക്കാനിരിക്കുകയാണ്. പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനും വിജയ് സേതുപതി പ്രതിനായകനുമായി എത്തുന്ന ലോകേഷ് കനകരാജിന്റെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റര്‍. കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് മാസ്റ്ററിന്റെ വരവ് പുത്തന്‍ ഉണര്‍വാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് റിലീസിന് മുന്‍പ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്.

vijay-1
vijay-1

സിനിമയുടെ വ്യാജ പതിപ്പുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത് എന്ന് മാസ്റ്ററിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജും അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്. ”പ്രിയപ്പെട്ടവരേ, മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര വര്‍ഷത്തെ അധ്വാനത്തിന് ശേഷമാണ്. തിയറ്ററില്‍ നിങ്ങളെല്ലാവരും മാസ്റ്റര്‍ കണ്ട് ആസ്വദിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ചോര്‍ന്ന ഭാഗങ്ങള്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. ഒരു ദിവസം കൂടി മാസ്റ്ററിനായി കാത്തിരിക്കൂ” എന്ന് ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു. മാസ്റ്ററിന് പിന്തുണയുമായി തമിഴ് സിനിമയിലെ മറ്റ് സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.