ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (IEP) റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പശ്ചിമേഷ്യയില്‍ ഭീകരവാദ ഭീഷണി ഇല്ലാത്ത രാജ്യങ്ങളാണ് ഒമാനും യു.എ.ഇയും. IEP യുടെ ഭീകരവാദ സൂചികയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും പൂജ്യം പോയന്റാണ് ലഭിച്ചിട്ടുള്ളത്. ആഗോള തലത്തിലെ പട്ടികയില്‍ 135ാം സ്ഥാനമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമുള്ളത്. ഭീകരവാദത്തിെന്റ നേരിട്ടുള്ളതും അല്ലാത്തതുമായ ആഘാതങ്ങള്‍ സംബന്ധിച്ച ആഗോള തലത്തിലെ ഏറ്റവും സമഗ്രമായ പഠന റിപ്പോര്‍ട്ടാണ് െഎ.ഇ.പിയുടേത്.
ഭീകരവാദം ഒട്ടും ബാധിക്കാത്ത രാഷ്ട്രങ്ങള്‍ക്ക് പൂജ്യവും ഏറ്റവുമധികം ബാധിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് പത്തും എന്ന തോതിലാണ് സൂചികയില്‍ പോയന്റുകള്‍ നല്‍കുന്നത്. എട്ടുവര്‍ഷം മുമ്പാണ് സൂചിക പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. അന്നുമുതല്‍ ഭീകരവാദം ഒരുനിലക്കും ബാധിക്കാത്ത രാഷ്ട്രമെന്ന ബഹുമതി ഒമാന്‍ നില നിര്‍ത്തുന്നു.സൂചികയില്‍ ഖത്തറിന് 133ാം സ്ഥാനവും കുവൈത്തിന് 81ാം സ്ഥാനവും ബഹ്റൈന്‍ 71ാം സ്ഥാനവും സൗദി അറേബ്യക്ക് 32ാം സ്ഥാനവുമാണ് ഉള്ളത്. ഭീകരവാദത്തെ തുടര്‍ന്നുണ്ടായ മരണം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കുറഞ്ഞതായി സൂചികയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ലാണ് ഏറ്റവുമധികം പേര് മരണപ്പെട്ടത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 59 ശതമാനം കുറഞ്ഞ് 13,826 ആയി. സംഘര്‍ഷാവസ്ഥകളാണ് ഭീകരവാദത്തിന് പ്രധാന കാരണം. നിലവില്‍ സംഘര്‍ഷാവസ്ഥയുള്ള രാഷ്ട്രങ്ങളിലാണ് 96 ശതമാനം പേരും കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.’മെന’ മേഖലയില്‍ 18 രാഷ്ട്രങ്ങളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. യമനില്‍ മാത്രമാണ് സ്ഥിതി കൂടുതല്‍ മോശമായത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നത്.