രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുദ്ര ലോണ്‍ യോജന പ്രകാരം ഏറ്റവുമധികം വായ്പ നല്‍കിയത് കര്‍ണാടകം. ഇക്കഴിഞ്ഞ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷം 6,906.12 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വിതരണം ചെയ്തു.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്‌എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ് ഇന്ത്യയില്‍ മുദ്ര ലോണ്‍ പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചത് കര്‍ണാടകമാണെന്ന് കണ്ടെത്തിയത്.
കര്‍ണാടകത്തിന് പിന്നില്‍ 6,405.69 കോടി രൂപ വായ്പ നല്‍കി രാജസ്ഥാന്‍ രണ്ടാമതും 6,068.23 കോടി നല്‍കി ഉത്തര്‍പ്രദേശ് മൂന്നാമതും 5,153.62 കോടി രൂപ നല്‍കി മഹാരാഷ്ട്ര നാലാം സ്ഥാനത്തുമാണ്.കര്‍ണാടകയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് മുദ്ര യോജന ജനങ്ങളിലേക്ക് സര്‍ക്കാര്‍ എത്തിച്ചത്. സംസ്ഥാനത്തുള്ള 9,75,873 അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് വായ്പ ലഭിച്ചത്. മുദ്ര പദ്ധതി കൂടുതല്‍ ആളുകളിലെത്തിക്കാന്‍ നടപടി കൈക്കൊള്ളാന്‍ നേരത്തെ തന്നെ ബാങ്ക് അധികാരികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകത്തില്‍, പ്രത്യേകിച്ച് ബെംഗളൂരു, മൈസൂരു പോലുള്ള നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി ഉയര്‍ന്നതും, കൊറോണ പോലുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ സംരംഭക മേഖലയിലേക്ക് കടന്നതുമാണ് മുദ്ര പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കാന്‍ സാധിച്ചതെന്ന് എസ്‌എല്‍ബിസി വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല നിലവിലുള്ള ചെറുകിട യൂണിറ്റുകള്‍ കൂടുതല്‍ സുഗമമായി നടത്താനും ആളുകള്‍ മുദ്ര യോജനയെ സമീപിച്ചിട്ടുണ്ട്.
2015 ഏപ്രിലില്‍ ചെറുകിട സംരംഭകരെ ലക്ഷ്യം വച്ചാണ് പ്രധാനമന്ത്രി മുദ്ര ലോണ്‍ പദ്ധതി ആരംഭിച്ചത്. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മുദ്ര വായ്പകള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മുദ്ര പദ്ധതിയുടെ ഏറ്റവും കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ ബെളഗാവി ജില്ലക്കാരാണ്. 77,989 പേരാണ് ഇവിടെ മുദ്ര വായ്പകള്‍ എടുത്തിട്ടുള്ളത്.