മാന്നാർ കടലിടുക്കിൽ എത്തിയ ‘ബുറേവി‘ ചുഴലിക്കാറ്റ് കഴിഞ്ഞ 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിലോമീറ്റർ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160km ദൂരത്തിലുമാണ്. നിലവിൽ തീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില സാഹചര്യത്തിൽ 75 കിലോമീറ്റർ വരെ ആകാം.
ന്യൂനമർദം ഡിസംബർ 4ന് പുലർച്ചയോടെ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും പ്രതീക്ഷിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുരബലമായി ഒരു ന്യൂനമർദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.