ഇന്ത്യന്‍ സൈനിക മേധാവി സന്ദര്‍ശനത്തിനായി സൗദിയിലേക്ക്. യു.എ.ഇയും സൈനിക മേധാവി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തില്‍ സുരക്ഷാരംഗത്തെ സഹകരണം ചര്‍ച്ചയായേക്കും. പാകിസ്താനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനമെന്ന് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരാവനെയാണ് സൗദി-യു.എ.ഇ സന്ദര്‍ശനത്തിനായി എത്തുന്നത്. ദേശീയ മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ നല്‍കിയ വാര്‍ത്ത സംബന്ധിച്ച് എംബസിയില്‍ നിന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ആദ്യമായാണ് ഇന്ത്യന്‍ സൈനിക മേധാവി ഏഷ്യന്‍ അറബ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനെത്തുന്നത്. സൗദി പാക് ബന്ധം നേരത്തെയുള്ളയത്ര ഊഷ്മളമല്ലാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനമെന്നും ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സൗദിയിലെത്തുന്ന അദ്ദേഹം സൗദി നാഷണല്‍ ഡിഫന്‍സ് കോളജില്‍ സന്ദര്‍ശനം നടത്തും. ശേഷം സൈനിക മേധാവികളുമായി കൂടിക്കാഴ്ചയുണ്ടാകും. ഇതിന് ശേഷം യു.എ.ഇയിലേക്ക് പുറപ്പെടും. നേരത്തെ നേപ്പാളിലേക്കും മ്യാന്മറിലേക്കും സൈനിക മേധാവി സമാന രീതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യക്കാവശ്യമായ 32 ശതമാനം പ്രകൃതി വാതകവും, 17 ശതമാനം ക്രൂഡ് ഓയിലും സൗദി അറേബ്യയാണ് നല്‍കുന്നത്.