സ്വര്‍ഗീയ കാഴ്ചകൾ കാണണോ ? പൊൻമുടികോട്ടയിലേക്ക് സ്വാഗതം

0
562
Hill
Hill

വയനാട് എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്.കോട മഞ്ഞും തടാകങ്ങളും താഴ്‍വാരങ്ങളും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തനിമ മാറാത്ത നാട്ടുപുറങ്ങളുടെ പച്ചപ്പും നിറഞ്ഞ വശ്യ സുന്ദരമായ പ്രകൃതി. കണ്ണുകൾ എവിടേക്ക് പായിച്ചാലും മനം നിറഞ്ഞ കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ് സഞ്ചാരികളുടെ പറുദീസയായ വയനാട്ടിൽ.വയനാട്ടിലെ മറ്റുകാഴ്ചയിൽ നിന്നും യാത്രാപ്രേമികളെ അതിശയിപ്പിക്കുന്ന ഇടമാണ് പൊൻമുടി കോട്ട. പേരുപോലെ കോട്ടയല്ല പാറകെട്ടുകളിലേക്കുള്ള ട്രെക്കിങ്ങാണ്. സാഹസിക ട്രെക്കിങ് എന്നു പറയാം.

Ponmudikotta-view
Ponmudikotta-view

സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് പൊൻമുടികോട്ട നിലകൊള്ളുന്നത്. വയനാട്ടില്‍ മേപ്പാടിയിൽ നിന്നും അമ്പൽവയൽ എന്ന സ്ഥലത്ത് എത്തണം അവിടെ നിന്നും രണ്ടുമൂന്നു കിലോമീറ്റര്‍ താണ്ടിയാൽ പൊൻമുടികോട്ടയിലെ വഴിയിലെത്താം. പകുതി വഴി വാഹനത്തിൽ എത്തിച്ചേരാം, അതും ഓഫ്റോഡ് യാത്രയാണ്. പിന്നീടുള്ളത് കാൽനടയാത്രയാണ്. കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെ ‌കണ്ണെത്താദൂരത്തോളം നടന്നുവേണം ഇവിടേക്ക് എത്തിച്ചേരാൻ.  എടയ്ക്കൽ ഗുഹയ്ക്ക് സമീപമാണ് പൊന്‍മുടികോട്ട നിലകൊള്ളുന്നത്.

views-of-Ponmudikotta-3
views-of-Ponmudikotta-3

സാഹസിക യാത്രാപ്രേമികൾക്ക് പറ്റിയിടമാണ് പൊന്‍മുടികോട്ട. കോടമഞ്ഞും ചാറ്റൽമഴയും നിറച്ചാർത്തേകിയാണ് പ്രകൃതി സഞ്ചാരികളെ ഇവിടെക്ക് സ്വാഗതം ചെയ്യുന്നത്. നീളൻപുല്ലുകളെ വകഞ്ഞു മാറ്റികൊണ്ട് പാറകളിൽ പിടിച്ചുവേണം മുകളിലേക്ക് കയറാൻ. ഉയരം കൂടുന്തോറും അതിമനോഹരമായ കാഴ്ചകളാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്. പൊൻമുടികോട്ടയുടെ ഉയരങ്ങൾ കീഴടക്കി ഉച്ചിയിലെത്തിയാൽ കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. വയനാടിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാം. കാമറാകണ്ണുകളിലൂടെ പൊൻമുടികോട്ടയുടെ സൗന്ദര്യത്തെ മുഴുവനായും പകർത്താം.

Ponmudikotta
Ponmudikotta

വെള്ളിമേഘങ്ങളെ കീറി മുറിച്ചുകൊണ്ട് ഉദിച്ചുയരുന്ന സൂര്യനെ കാണാനായി ടെന്റ് കെട്ടി താമസിക്കുന്ന നിരവധി സഞ്ചാരികളെയും കാണാം. മഞ്ഞും മഴയും കുളിരും നിറഞ്ഞ യാത്ര ശരിക്കും സ്വര്‍ഗത്തിലെത്തിയ അനുഭൂതിയാണ്. പൊന്മുടികോട്ടയിലേക്കുള്ള യാത്ര പ്രയാസപ്പെട്ടതാണെങ്കിലും കഠിന വഴികൾ താണ്ടി സഞ്ചാരികൾ ഒരിക്കലെങ്കിലും ഈ സ്വര്‍ഗഭൂമിയിൽ എത്തണം.