ദക്ഷിണേഷ്യൻ രാജ്യമായ നേപ്പാള്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ലോകത്തിന് തന്നെ മാതൃകയാകാനുള്ള തയാറെടുപ്പിലാണ് ഇതിന്‍റെ ഭാഗമായി എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് ശേഖരിച്ച ടണ്‍കണക്ക് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.മാലിന്യങ്ങള്‍ കലാസൃഷ്ടികളാക്കി മാറ്റി ഒരു ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം എവറസ്റ്റ് മാലിന്യകൊട്ടയായി മാറുന്നതില്‍നിന്ന് രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കും.
അടുത്തിടെ നേപ്പാള്‍ ഒരു സംഘത്തെ നിയോഗിച്ച് പര്‍വതത്തില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. കീറിയ ടെന്‍റുകള്‍, ഗോവണികള്‍, പ്ലാസ്റ്റിക് – ഓക്സിജന്‍ കുപ്പികള്‍, ക്യാനുകള്‍ എന്നിവയെല്ലാമായിരുന്നു ഇതിലുണ്ടായിരുന്നത്. പര്‍വതാരോഹകരും ട്രെക്കിങ് സംഘങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളായിരുന്നു ഇവ. എവറസ്റ്റിന്‍റെ അറ്റമായ 8848.86 മീറ്റര്‍ ഉയരത്തില്‍നിന്ന് വരെ മാലിന്യം ശേഖരിച്ചു.‘ഈ മാലിന്യങ്ങളെ സമ്ബത്തായി മാറ്റുകയാണ് ലക്ഷ്യം. ഖരമാലിന്യങ്ങളെ വിലയേറിയ കലാസൃഷ്ടികളാക്കി മാറ്റുന്നതെങ്ങനെയെന്ന് ഞങ്ങള്‍ കാണിച്ചുതരാന്‍ ആഗ്രഹിക്കുന്നു. ഇതോടൊപ്പം തൊഴില്‍, വരുമാനം എന്നിവ സൃഷ്ടിക്കാനാകും.
മാലിന്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയും അത് കൈകാര്യം ചെയ്യുന്നതിലെ രീതികളും മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 3780 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്ബിലേക്കുള്ള പ്രധാന പാതയായ സിയാങ്‌ബോച്ചെയിലാണ് കേന്ദ്രം സജ്ജീകരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ സുവനീറുകളായി വില്‍ക്കുകയും ഈ പണം പരിസ്തിഥി സംരക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും’ – ആര്‍ട്ട് പ്രോജക്‌ട് ഡയറക്ടര്‍ ടോമി ഗുസ്താഫ്‌സണ്‍ വിശദമാക്കി .