ഉത്ര കേസിന്റെ വിചാരണ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുന്‍പാകെ ആരംഭിച്ചു.സൂരജിനു പാമ്പിനെ നല്‍കിയ ആളും കേസിലെ മാപ്പുസാക്ഷിയുമായ പാരിപ്പള്ളി സ്വദേശി ചാവരുകാവ് സുരേഷിനെ ഇന്നലെ വിസ്തരിച്ചു.കൊട്ടാരക്കര സ്പെഷല്‍ സബ് ജയിലില്‍ കഴിയുന്ന സാക്ഷിയെ വിസ്താരത്തിനു കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണയ്ക്കിടെ സുരേഷ് വിങ്ങിക്കരഞ്ഞു.സൂരജ് 7,000 രൂപ നല്‍കി മൂര്‍ഖന്‍ പാമ്ബിനെ വാങ്ങിയതായി സാക്ഷി മൊഴി നല്‍കി. അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ മൂര്‍ഖനെ വേണമെന്നും പറഞ്ഞാണു പാമ്പിനെ വാങ്ങിയത്.
ഉത്രയുടെ മരണവാര്‍ത്ത പത്രത്തിലൂടെയാണ് അറിഞ്ഞത്. ഉടന്‍ സൂരജിനെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. അടുത്ത ദിവസം സൂരജ് മറ്റൊരു ഫോണില്‍ നിന്നു തന്നെ വിളിച്ച് ഭാര്യ മരിച്ചെന്നു പറഞ്ഞു. ‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ചു മഹാപാപം ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ ‘ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതു കൊണ്ടു ഞാന്‍ തന്നെ ചെയ്തതാണ്’ എന്നു മറുപടി പറഞ്ഞു.ചേട്ടന്‍ ഇത് ആരോടും പറയരുത്. സര്‍പ്പദോഷമായി കരുതിക്കോളും. അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകും എന്നും സൂരജ് പറഞ്ഞു. ജയിലില്‍ കഴിയുമ്പോൾ സംഭവം ഓര്‍ത്തു കരഞ്ഞ തന്നോടു സത്യം കോടതിയെ അറിയിക്കാന്‍ സഹതടവുകാരനാണു പറഞ്ഞത്.
തുടര്‍ന്നാണു ഹര്‍ജി നല്‍കിയത്. രോഗാവസ്ഥ കാരണം മരിച്ചു പോയാല്‍ സത്യം പുറത്തു വരാതിരിക്കാം. സത്യം പുറത്തുവരാന്‍ വേണ്ടിയാണ് എല്ലാം തുറന്നു പറയുന്നത്. പാമ്പിനെ പിടിച്ചാല്‍ വനം വകുപ്പു വഴി കാട്ടില്‍ വിടുകയാണു പതിവ്.കഴിഞ്ഞ ഫെബ്രുവരി 12നു സൂരജ് ഫോണ്‍ വിളിച്ചു പരിചയപ്പെട്ടു. പിന്നീട് ചാത്തന്നൂരില്‍ വച്ചു നേരില്‍ കണ്ടു. പിന്നീട് അണലിയെയും മാര്‍ച്ച് 21നു മൂര്‍ഖനെയും വാങ്ങി.പാമ്പിനെ കൊണ്ടുപോയ പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സാക്ഷി തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ഇന്നു തുടരും.