സോഷ്യൽ മീഡിയലും മറ്റും വലിയ ചർച്ച ആയിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സിനിമ കണ്ട അനുഭവത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന, അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശാരിക ശോഭ എസ്.
ശാരികയുടെ കുറിപ്പ്,
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കസിന്‍ ചേട്ടന്റെ കല്യാണം. അന്ന് രാവിലെ യാത്രയായത്തിനു ശേഷം പ്രതീക്ഷിക്കാതെ പീരിയഡ്‌സ് ആയതു കൊണ്ട് ചോറ്റാനിക്കര അമ്പലത്തിൽ വെച്ചു നടന്ന കല്യാണതിനു പോകാന്‍ പറ്റിയില്ല. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു. കല്യാണം കൂടാന്‍ പറ്റാത്ത വിഷമം വേറെ, അതു കൂടാതെ ‘ഡെയ്റ്റ് ആയിട്ടും എനിക്ക് വന്നില്ല കേട്ടോ, ഞാന്‍ രക്ഷപെട്ടു’ അടക്കം പറച്ചിലുകള്‍ വേറെ. എന്തോ നമുക്കു പീരിയഡ്‌സ് ആയത് വലിയ പാപഭാരം പോലെ. കല്യാണത്തിന് അമ്പലത്തിലേക്ക് പോകുന്നവരെ തൊട്ട് ‘പ്രശ്‌നമാവാതിരിക്കാന്‍’ ഒരു മുറിയുടെ മൂലയില്‍ ഒതുങ്ങി ഇരിക്കേണ്ടിയും വന്നു.
അടക്കി പിടിച്ച ദേഷ്യം മൊത്തം പുറത്തു വന്നത് അസ്സല്‍ കരച്ചിലായിട്ടാണ്. വരുന്നവരും പോകുന്നവരും വക ‘മോള്‍ക്ക് പീരിയഡ്‌സ് നു ഭയങ്കര വേദനയനല്ലേ, സാരമില്ലാട്ടോ’ സമാധാനിപ്പിക്കലുകള്‍ കേട്ടപ്പോള്‍ കൂടുതല്‍ ദേഷ്യം വന്നു. വേദനിച്ചിട്ടല്ല, അവഗണിക്കപ്പെട്ടത് കൊണ്ടാണെന്ന് ഉറക്കെ വിളിച്ചു പറയാനും മാത്രം ധൈര്യം ഒന്നും അന്ന് ഉണ്ടായിരുന്നുമില്ല.അടുത്തു വന്ന അമ്മയോട് മാത്രം പറഞ്ഞു, periods ആയ പെണ്പിള്ളേര്ക്കും, എത്ര അടുത്ത സുഹൃത്തായാലും അഹിന്ദുക്കള്‍ക്കും പ്രവേശനമില്ലാത്തതായ ഇമ്മാതിരി കല്യാണ ഏര്‍പ്പാടിനു നിന്നു തരില്ല, ഇതൊക്കെ കൊണ്ട് തന്നെ അമ്പലത്തിൽ വെച്ച് കല്യാണം നടത്തുന്നതേ ഒരു പിന്തിരിപ്പന്‍ ഏര്‍പ്പാടാണെന്ന്. കരഞ്ഞു വീര്‍ത്ത കണ്ണും കൊണ്ടുള്ള ആ നില്‍പ്പിന്റെ ഫോട്ടോ അവരുടെ കല്യാണ ആല്‍ബത്തില്‍ എവിടെയോ ഇപ്പോഴും ഉണ്ട്.
പിന്നീട് പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ അച്ഛന്‍ മരിക്കുന്നത്. കൊള്ളി വെക്കാന്‍ നേരത്തു പെണ്മക്കളുള്‍പ്പെടെ സകല പെണ്ണുങ്ങളോടും പുറത്തേക്കിറങ്ങാന്‍ പറഞ്ഞപ്പോ ശാന്തിയെ തുറിച്ചു നോക്കാനല്ലാതെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീട് അസ്ഥിയൊഴുക്കുന്ന ദിവസം പീരിയഡ്‌സ് ആയതിന്റെ പേരില്‍ അപ്പൂപ്പന്റെ ആകെയുള്ള രണ്ടു പെണ്മക്കളായ എന്റെ രണ്ടു ആന്റിമാര്‍ക്കും, മൂത്ത പേരക്കുട്ടികളില്‍ ഒരാളായ, ഉണ്ടാവാന്‍ ഇച്ചിരി വൈകിയപ്പോള്‍ അപ്പൂപ്പന്‍ നേര്‍ച്ചയിട്ടു ശബരിമലയില്‍ വരെ കൊണ്ടു പോയതുമായ എനിക്കും മുറികളധികമില്ലാത്ത ആ വീടിന്റെ മറ്റൊരു മുറിയുടെ മൂലയില്‍ വീണ്ടും കുത്തിയിരിക്കേണ്ടി വന്നു. ചടങ്ങു കഴിയും വരെ. അസ്തിയൊഴുക്കാന്‍ പോകുന്ന വഴിയില്‍ മൂന്നാലു മീറ്റര്‍ അകലം വിട്ടു രണ്ടു പെണ്മക്കളും നടന്നപ്പോള്‍ ഒരു പക്ഷെ കാലങ്ങള്‍ക്കു ശേഷം കേറി വന്ന അപ്പൂപ്പന്റെ സഹോദരങ്ങളായ വെല്യച്ഛന്റെയും അമ്മായിമാരുടെയും ആണ്മക്കള്‍ക്കും, അവരുടെ ആണ്മക്കള്‍ക്കുമൊക്കെ ആ ആള്‍ക്കൂട്ടത്തില്‍ വളരെയെളുപ്പം സ്ഥാനം കിട്ടിയതു കണ്ടപ്പോള്‍ സത്യത്തില്‍ ഇത്തവണ ദേഷ്യത്തെക്കാള്‍ ചിരി വന്നു പോയി.
മരിച്ചയാളിന്റെ പെണ്മക്കളുടെ ആര്‍ത്തവത്തിന് അശുദ്ധി കല്‍പ്പിച്ച് അന്ന് ശാന്തിയെറിഞ്ഞ എള്ളിനും തെച്ചിപ്പൂവിനുമൊക്കെ പണ്ട് മണ്ണപ്പം ചുട്ടു കളിക്കുമ്പോൾ പിച്ചിയിടുന്ന പൂവിന്റെ വിലയുള്ളുവെന്ന നിസ്സങ്കത ഉള്ളിലൊരു പൊട്ടിച്ചിരിയായി പടര്‍ന്നു തുടങ്ങിയത് കൃത്യമായി പറഞ്ഞാല്‍ അന്നാണ്. അന്നത് പറയാവുന്നിടത്തൊക്കെ പറയുകയും ചെയ്തിരുന്നു. അനാചാരത്തെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ ഉപരി അവകാശത്തിനു വേണ്ടിയുള്ളൊരു ചോദ്യമാണതെന്നു സ്വയം തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു എന്നതാണ് വസ്തുത. അതു തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഈ ദൈവനിന്ദയോന്നും ഒരു അലങ്കാരമായി കൊണ്ടു നടക്കേണ്ടെന്നു പറഞ്ഞവരോടൊക്കെ എന്റെ ആര്‍ത്തവത്തോട് പ്രശ്‌നമുള്ള ദൈവത്തോട് എനിക്ക് തിരിച്ചും നല്ല പ്രശ്‌നമുണ്ടെന്നു മുന്നും പിന്നും നോക്കാതെ പറഞ്ഞിട്ടുമുണ്ട്.
പല തവണ പറഞ്ഞു വരുന്നത് The Great Indian Kitchen ഇല്‍ കാണുന്ന ആര്‍ത്തവ കാഴ്ചകള്‍ ‘ഇതൊക്കെ ഇപ്പോഴും ഉണ്ടോ’ എന്ന അത്ഭുതത്തില്‍, പടം ഈ വിഷയത്തെ സമീപിച്ചത് exaggeration ലൂടെ ആണെന്ന് റദ്ദു ചെയ്യുന്നവരോടാണ്. ഇതൊക്കെ പണ്ടല്ലേ, ആ കാലമല്ല ഇപ്പൊ എന്നു പറയുന്നവരോടാണ്. മേല്‍പ്പറഞ്ഞ കാഴ്ചകള്‍ എല്ലാവര്‍ക്കും കുറച്ചു കൂടി പരിചിതവും സാധാരണവും ആയിരിക്കും. അതനുഭവിക്കുന്നവര്‍ പോലും അതിനെ തിരിച്ചറിയുകയോ തള്ളിപ്പറയുകയോ ചെയ്യാത്ത വിധം normalised ആണിതെല്ലാം സമൂഹത്തില്‍.ആ സാധാരണതകളുടെ ഒരു വകുപ്പിനെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്.ഇതൊക്കെ നടക്കുന്ന ‘ഒരു ചെറിയ വിഭാഗം’ സമൂഹത്തില്‍ ഉണ്ടല്ലോ ഇപ്പോഴും എന്നു ഈ സിനിമ കണ്ടു നെടുവീര്‍പ്പിടുന്നതും ചുമ്മാ കണ്ണടച്ചു ഇരുട്ടാക്കല്‍ ആണ്.