അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച അനീഷിന്റെ വരവും കാത്തിരിക്കുകയായിരുന്നു ആ അമ്മയും മകളും. പക്ഷേ… അനീഷ് ഫോണ്‍ വിളിക്കുബോൾ ഹന്നയുടെ ചോദ്യം ഒന്ന് മാത്രമായിരുന്നു. ”പപ്പ എന്നാ വരുന്നേ.” ഉടന്‍ വരും മോളെ, എന്നുള്ള മറുപടി കേട്ട് അവള്‍ ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ അവധിക്ക് നിയന്ത്രണമുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പാണ് അവധി ശരിയായത്.പപ്പയെക്കൊണ്ട് വാങ്ങിപ്പിക്കേണ്ട ഇഷ്ട സാധനങ്ങളുടെ ലിസ്റ്റുമായിരിക്കുന്ന മകളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. അനീഷ് എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു.
ചൊവ്വാഴ്ച സന്ധ്യയായിട്ടും വിളിച്ചില്ല. അങ്ങോട്ട് വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ അച്ഛന്‍ തോമസ് അവിടെയുള്ള സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടു. അവര്‍ക്ക് അനീഷ് കൊല്ലപ്പെട്ട വിവരം ആ പിതാവിനോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അനീഷിന് ബൈക്ക് അപകടം സംഭവിച്ചെന്നും ആശുപത്രിയിലാണെന്നും കള്ളം പറഞ്ഞു.
ഇത് വിശ്വസിച്ച് ആരോഗ്യ സ്ഥിതി അറിയാന്‍ തോമസ് മറ്റ് പലരെയും മാറിമാറി വിളിച്ചു. ഒടുവില്‍ രാത്രി എട്ടോടെയാണ് അനീഷ് വീരമൃത്യു വരിച്ചെന്ന വിവരം അറിഞ്ഞത്. ഫോണിന്റെ മറുതലയ്ക്കല്‍ നിന്നുള്ള വാക്കുകള്‍ കേട്ട് തോമസ് പൊട്ടിക്കരഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ അവധി കഴിഞ്ഞ് മടങ്ങിയപ്പോള്‍ സല്യൂട്ട് നല്‍കിയാണ് അവള്‍ യാത്രയാക്കിയത്. ഇന്ന് വൈകിട്ടോടെ അനീഷ് തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.