ഓൺലൈൻ ജോലികളിലും സ്വദേശിവത്കരണവുമായി സൗദി. ആപ്പുകളടക്കമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ടുള്ള ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സ്വദേശികളായ ജീവനക്കാരെ ആയിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍റാജിഹി ഉത്തരവിട്ടു. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. രാജ്യത്തെ മിക്ക കമ്ബനികളിലും ഓണ്‍ലൈനായി ജോലി ചെയ്യുന്നവരുണ്ട്.
ഇത്തരം സേവനങ്ങളില്‍ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ശേഷമുള്ള ഡോക്ടര്‍മാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങള്‍, ഓണ്‍ലൈന്‍ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികള്‍ എന്നിവയെല്ലാം ഇതില്‍പെടും. അതായത് ഇത്തരം സേവനങ്ങളിലെത്തുന്ന ജീവനക്കാര്‍ സ്വദേശികളാവണം എന്നാണ് പുതിയ നിര്‍ദേശം. ഉപഭോക്താവിന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഏതൊരു ആപ്ലിക്കേഷനും അല്ലെങ്കില്‍ വെബ്സൈറ്റും പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമായി നിര്‍വചിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
നിയമവിരുദ്ധമായ തൊഴില്‍ തടയുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വദേശികള്‍ക്ക് അനുയോജ്യവും പ്രായോഗികവുമായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭകരുടെ നിക്ഷേപത്തെ ഉത്തേജിപ്പിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വ്യവസ്ഥാപിതമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യങ്ങള്‍. രാജ്യത്തിെന്റ സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍വിപണി നിയന്ത്രിക്കാനുള്ള മന്ത്രാലയത്തിെന്റ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനം. പുതിയ തീരുമാനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളും തീരുമാനം പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുമെന്ന് പ്രഖ്യാപനത്തിലുണ്ട്. അതേസമയം, പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ജോലികള്‍ വ്യവസ്ഥാപിതമാക്കാനുള്ള തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജോലികള്‍ ഏതൊക്കെയെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഒാര്‍ഡര്‍ ഡെലിവറി, ഹോം മെയിന്റനന്‍സ്, വാഹന റിപ്പയറിങ് സേവനങ്ങള്‍, മെഡിക്കല്‍ ഉപദേശം, നിയമോപദേശം, മറ്റേതെങ്കിലും പുതിയ ജോലികള്‍ എന്നിവയിലാണ് സ്വദേശിവത്കരണം.ആറ് മാസത്തിനകം ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്ന ജോലികളിലെ സ്വദേശിവത്കരണത്തിന് തുടക്കമാകും. കോവിഡാനന്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈയിടെ ഊബര്‍ കരീം അടക്കമുള്ള ഓണ്‍ലൈന്‍ കാര്‍ സേവനങ്ങളില്‍ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.