അവസാനം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ വാളയാറില്‍ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് സിബിഐക്കു വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പിക്കും. കേസിലെ മൂന്നു പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
‘വിചാരണ പ്രഹസന’മാണ് അവിടെ നടന്നതെന്ന രൂക്ഷ പരാമര്‍ശവും ഹൈക്കോടതി നടത്തി. പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവര്‍ 20നു വിചാരണക്കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. തുടരന്വേഷണം ആവശ്യമെങ്കില്‍ സര്‍ക്കാരിനു കീഴ്‌ക്കോടതിയില്‍ അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.13 വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും ഒമ്ബതു വയസ്സുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണു കേസിന് ആധാരം.
വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ നാല് പ്രതികള്‍ക്കെതിരെ ആറു കേസുകളുണ്ടായിരുന്നു.രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രദീപ് അപ്പീല്‍ പരിഗണനയിലിരിക്കെ ജീവനൊടുക്കിയതിനാല്‍ ഈ കേസുകള്‍ ഒഴിവാക്കി ബാക്കി നാലു കേസുകളാണു പരിഗണിച്ചത്. വലിയ മധു രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലും, കുട്ടി മധു, ഷിബു എന്നിവര്‍ മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.