കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായിയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞടുപ്പ് ഫലം എന്തുതന്നെ ആയാലും നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായിരിക്കും അതെന്ന് വ്യക്തമായിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് ബൂത്തിലെത്തിയത്. 72.67 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
കൃത്യമായ പോളിംഗ് ശതമാനം വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാകുകയുള്ളൂ. തിരഞ്ഞെടുപ്പ് പ്രാദേശികമാണെങ്കിലും ഫലം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെ ചലിപ്പിക്കാന്‍ പോന്നതാണെന്നതാണ് വസ്തുത. ഇന്ന് രണ്ടാംഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളും 14ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുമാണ് ബൂത്തിലെത്തുന്നത്.
വിലയിരുത്തലാകും സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പ്രാദേശിക പ്രശ്നങ്ങളെക്കാള്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കാണ് ഇടതുമുന്നണി പ്രചാരണത്തില്‍ ഊന്നല്‍ നല്‍കിയത്. മുഖ്യപ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കിയത് സര്‍ക്കാരില്‍ കരിനിഴല്‍ വീഴ്‌ത്തിയ സ്വര്‍ണക്കടത്തും ബംഗളൂരു മയക്കുമരുന്ന് കേസുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടതുമുന്നണിക്ക് തന്നെയാണ് ആധിപത്യം. അത് നിലനിറുത്തകയെന്നത് അവര്‍ക്ക് ഒരുപോലെ വെല്ലുവിളിയുമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഗ്രാമങ്ങളില്‍ വരെ ഇടതുമുന്നണിക്ക് ആഴത്തില്‍ വേരോട്ടമുള്ള ജില്ലകളാണിത്.
ജോസ് കെ.മാണി വിഭാഗത്തിന്റെ സ്വാധീനം വ്യക്തമാകും
യു.ഡി.എഫിനൊപ്പംചേര്‍ന്നു നില്‍ക്കുന്ന ഇടുക്കിയിലും പത്തനംതിട്ടയിലും എല്‍.ഡി.എഫിന് ഇത്തവണ പ്രതീക്ഷയേറെയാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ വരവാണ് അവര്‍ക്ക് പ്രതീക്ഷയ്ക്ക് ഏറെ വക നല്‍കിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനം എന്താണെന്ന് തെളിയിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. ശരിക്ക് പറഞ്ഞാല്‍ ഒരു ലിറ്റ്‌മസ് ടെസ്റ്റ്. എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് (എം) ഒരു അളവുകോലാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലമായിരിക്കും ജോസ് പക്ഷത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഭാവി കൂടി തീരുമാനിക്കുക.
സ്വര്‍ണക്കടത്തും മയക്കുമരുന്ന് കേസും അടക്കം സര്‍ക്കാരിനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഭരണപക്ഷത്തെ എങ്ങനെ ബാധിച്ചെന്നും അത് ആയുധമാക്കിയ പ്രതിപക്ഷം എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നും ഈ വോട്ടെടുപ്പിന്റെ ഫലം തെളിയിക്കും. വിജയിച്ചാല്‍ സര്‍ക്കാരിന് പുതിയൊരു ഊര്‍ജ്ജം ആയിരിക്കും. പരാജയപ്പെട്ടാല്‍ യു.ഡി.എഫില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉറപ്പാണ്. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഏവരും ഉറ്റുനോക്കുന്ന തലസ്ഥാന നഗരഭരണം പിടിക്കുകയെന്നതാണ് എന്‍.ഡി.എയുടെ സ്വപ്നവും അജണ്ടയും. ഒരു നിയമസഭാംഗം മാത്രമുള്ള ബി.ജെ.പിക്ക് കേരളം മരീചികയായി നിലനില്‍ക്കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പറയുമ്ബോഴും നഗരഭരണം കിട്ടിയാല്‍ കേരളം പിടിച്ചെന്ന സംതൃപ്തിയാകും ബി.ജെ.പിയ്ക്ക്.