ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
967

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് പ്രവചനം. ഇതിന്‍റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച(31-10-2020) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ  സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും കാലവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്. അപകടകാരികളായ ഇത്തരം ഇടിമിന്നലുകൾ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ എടുക്കേണ്ടതാണെന്നാണ് നിർദേശം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അറിയിക്കുന്നുണ്ട്.