ഐ പി എലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകൾക്കെതിരെ സൈബര്‍ ഇടത്തില്‍ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അടക്കം ഉയര്‍ന്നത്.
പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സംഭവത്തില്‍ പിടിയിലായത്. ഗുജറാത്തിലെ നാംന കപായ സ്വദേശിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മകള്‍ക്കെതിരെയുള്ള ഭീഷണി സന്ദേശങ്ങള്‍ വന്നത്.ചോദ്യം ചെയ്യലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ഇയാള്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ റാഞ്ചി പൊലീസ് കച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി തന്നെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് വ്യക്തമായത്.ധോണിയുടെ മകള്‍ക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ റാഞ്ചി പൊലീസാണ് കേസെടുത്തത്. ഉടന്‍ തന്നെ പിടിയിലായ വിദ്യാര്‍ത്ഥിയെ റാഞ്ചി പൊലീസിന് കൈമാറും.
ഐപിഎല്‍ പതിമൂന്നാം സീസണില്‍ ചെന്നൈയുടെ മോശം പ്രകടനവും ധോണിയുടെ ഫോമില്ലായ്മയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിനിടയിലാണ് ധോണിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ അഞ്ച് വയസ്സുള്ള മകള്‍ക്കെതിരെ വരെ ചിലര്‍ സൈബര്‍ ബുള്ളീയിങ് നടത്തിയത്.ഭീഷണിയെ തുടര്‍ന്ന് ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ധോണിയുടെ ഭാര്യ സാക്ഷിയും മകളും അടക്കമുള്ളവരാണ് റാഞ്ചിയിലെ ഫാം ഹൗസില്‍ കഴിയുന്നത്.