കൊറോണ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്.ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണി ട്രാപ്പ് സംഘത്തിന്റെ ഭീഷണിയിൽ പലരും കുടുങ്ങിയെന്ന വിവരത്തെ തുടർന്നാണ് പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്.
ആകർഷകമായ ചിത്രങ്ങളുള്ള ഫേസ് ബുക്ക് പ്രൊഫൈലുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകൾ അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി. റിക്വസ്റ്റ് അംഗീകരിക്കുന്നതോടെ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റിംഗ് തുടങ്ങും. പിന്നാലെ വാട്‌സാപ്പ് നമ്പർ വാങ്ങും. വാട്‌സാപ്പിലൂടെയും തുടരുന്ന ചാറ്റിംഗ് വീഡിയോ കോളിലും അശ്ലീല സംഭാഷണങ്ങളിലുമെത്തും.
നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായിട്ടുണ്ട്. നാണക്കേട് കരുതി പലരും പരാതിപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.ഹണി ട്രാപ്പ് തട്ടിപ്പു സംഘങ്ങള്‍ ആദ്യം സൗഹൃദം സ്ഥാപിച്ച് ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്.
ലഭിച്ച പരാതികളില്‍ നിന്നും +44 +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്സ്‌ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. പരാതികളിന്മേല്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലുകളും അന്വേഷണം തുടങ്ങി. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുമ്ബോള്‍ ഇതിനെകുറിച്ച് ഓര്‍മ്മിക്കണമെന്നും കേരള പൊലീസ് പറഞ്ഞു.