ഉക്രൈനിലെ സോകോളിവ്കയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം.വീട് വൃത്തികേടാക്കിയതിന് സ്വന്തം മകനെ അമ്മ തല്ലിക്കൊന്നു. ആറ് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് മകനെ അമ്മ മാരകമായി മര്‍ദ്ദിച്ച് കൊന്നത്. വീട് വൃത്തികേടാക്കിയതില്‍ ക്ഷുഭിതയായിട്ടായിരുന്നു സ്ത്രീയുടെ പ്രവര്‍ത്തി.തറയില്‍ കുട്ടിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. എലേന(25) എന്ന സ്ത്രീയാണ് സ്വന്തം മകനെ ദേഷ്യം നിയന്ത്രിക്കാനാകാതെ കൊന്നത്.
ആണും പെണ്ണുമായി രണ്ട് മക്കളാണ് എലേനയ്ക്കുള്ളത്. കുട്ടികള്‍ സ്കൂളിലും കിന്റര്‍ഗാടനിലും എത്താത്തതിനെ തുടര്‍ന്ന് സ്ഥലത്തെ മേയര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കാണുന്നത്. മേയര്‍ വിര അസുലെങ്കോ വീട്ടില്‍ എത്തുമ്പോൾ, മരിച്ച കുഞ്ഞിനെ കയ്യില്‍ ചേര്‍ത്ത് പിടിച്ച് വീടിന് മുന്നില്‍ അനക്കമില്ലാതെ ഇരിക്കുകയായിരുന്നു എലേന എന്ന് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ട കാഴ്ച്ചയെ കുറിച്ച് മേയര്‍ പറയുന്നത് ഇങ്ങനെ, “കുട്ടികള്‍ സ്കൂളിലും കിന്റര്‍ഗാര്‍ട്ടനിലും എത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കാനാണ് വീട്ടില്‍ എത്തിയത്. വീടിന് മുന്നില്‍ അമ്മ അനക്കമില്ലാതെ ഇരിക്കുന്നതാണ് കണ്ടത്. കയ്യില്‍ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. കുഞ്ഞിനെ തൊട്ടുനോക്കിയപ്പോള്‍ മരവിച്ചിരിക്കുകയായിരുന്നു. ആറ് വയസ്സുള്ള സഹോദരിയും മുറ്റത്ത് ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടിട്ടും ഒന്നും മിണ്ടാതെ നിശ്ചലമായി മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അവള്‍.”
കുട്ടിയുടെ തലയില്‍ മാരകമായ പരിക്ക് പറ്റിയെന്ന് പരിശോധിച്ച ഡോക്ടര്‍ പറയുന്നു. കഴുത്തിലും ഞെരിച്ച പാടുകളുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ തലയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതായി ഡോക്ടര്‍ അറിയിച്ചു.
വീട് വൃത്തികേടാക്കിയതിന് അമ്മ സഹോദരനെ ശകാരിച്ചിരുന്നതായി പെണ്‍കുട്ടി പിന്നീട് പൊലീസിന് മൊഴി നല്‍കി. സഹോദരനെ അമ്മ തറയില്‍ കിടത്തി മുകളില്‍ കയറിയിരുന്ന് തല തറയില്‍ നിരവധി തവണ ഇടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു. ഇവരുടെ മാനസികനിലയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മറ്റുള്ളവരോടും രോഷാകുലയായി പെരുമാറിയിരുന്നു. രണ്ട് പ്രസവങ്ങള്‍ക്കും ശേഷം ഇവര്‍ മാനസികാശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും അയല്‍വാസികള്‍.