ശക്തമായ വിവാദത്തെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ പൊലീസ് നിയമ ഭേദഗതിയിൽ മാറ്റം വരുത്താൻ ആലോചിക്കുന്നു.ഈ നിയമത്തിനെതിരെ സി.പി.ഐക്ക് പുറമെ സി.പി.എമ്മിലും പൊലീസിലും എതിര്‍പ്പ് ശക്തമായതോടെയാണ് തിരുത്തല്‍ വരുത്താനുള്ള നീക്കം ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് പുതിയ തീരുമാനം.ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ അറിയിച്ചിരുന്നു.
പൊലീസ് നിയമ ഭേദഗതിയില്‍ കടുത്ത അതൃപ്തിയാണ് സി.പി.എം കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരിക്കുന്നത്. തിരുത്തല്‍ വരുത്താന്‍ പൊളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തോട് നിര്‍ദേശിക്കുമെന്നും വിവരം ലഭിച്ചിരിക്കുകയാണ്. തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത ഉള്ളത്. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സി.പി.എം കേന്ദ്ര നേതൃത്വം അറിയിക്കുകയുണ്ടായി.
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്.നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ ലഭിക്കുന്നതാണ്.