ഓൺലൈൻ സൈറ്റ് വഴി 11 ലക്ഷത്തിന്റെ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

0
402

ഓൺലൈൻ വ്യാപാര വെബ്സൈറ്റുകൾ വഴി 11 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ തട്ടിയെടുത്ത സംഭവത്തിൽഇരിട്ടി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. വ്യാജ മേൽവിലാസം ഉപയോഗിച്ച് 30 ഐ ഫോണുകളും ഒരു കാമറയുമാണ് സംഘം തട്ടിയെടുത്തത്.

ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളിൽ ഓഫറുള്ള സമയങ്ങളിലാണ് ഇവർ വ്യാജ മേൽവിലാസത്തിൽ ഉത്പന്നങ്ങൾ ഓഡർ ചെയ്തിരുന്നത്. ഫോണുകൾ എത്തിയാൽ പാക്കറ്റിന്റെ സീൽ പൊട്ടിക്കാതെ മൊബൈൽ ഫോൺ മാത്രം ഇവർ  മാറ്റും. പകരം മംഗലാപുരത്തു നിന്നും വാങ്ങിയ ഡമ്മികളായിരുന്നു ഇവർ പാക്കറ്റിൽ തിരികെ വെച്ചിരുന്നത്. ഇത് തിരികെ അയച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. തട്ടിയെടുത്ത ഫോണുകൾ കണ്ണൂരിലും മംഗലാപുരത്തും ഇവർ മറിച്ചുവിറ്റു.

ഇത്തരത്തിലാണ് 30 ഫോണുകളും ഒരു കാമറയും ഇവർ തട്ടിയെടുത്തത്. ഇടപാടുകാർക്ക് സാധനങ്ങൾ എത്തിച്ചു നൽകാൻ ചുമതലയുള്ള ഫ്രാഞ്ചൈസിയുടെ പരാതിയിലാണ് കേസെടുത്തത്. കരിക്കോട്ടക്കരി സ്വദേശിയിൽ നിന്നും മറ്റൊരാളിൽ നിന്നും 20 ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ പ്രധാനി സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത്.