തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികളായ നമ്മളും നമ്മുടെ കുടുംബാംഗങ്ങളും വോട്ടുകള്‍ രേഖപ്പെടുത്തുമ്പോൾ വളരെയധികം ആലോചിക്കണം. കുറഞ്ഞ ദിവസങ്ങളില്‍ ലീവില്‍ പോകുന്ന പ്രവാസികളും പ്രവാസം മതിയാക്കി പോയവരും സ്വന്തം നാട്ടില്‍ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അതിയായ ആഗ്രഹംകൊണ്ട് തുടങ്ങുന്ന സംരംഭങ്ങളുടെയും മറ്റും രേഖകള്‍ ശരിയാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ അവരുടെ അലംഭാവം കാരണം നീണ്ടുപോകുന്നതും അതുമൂലം ആത്മഹത്യകള്‍ വരെ നടക്കുന്നതും ഈ കാലത്ത് നാം നിത്യസംഭവമായി കണ്ടുകൊണ്ടിരിക്കുന്നു.
നല്ല ഒരു നാളെ വിഭാവനം ചെയ്യുവാന്‍ സന്നദ്ധരായവരെ മാത്രം തെരഞ്ഞെടുക്കാന്‍ നാം ജാഗ്രത പാലിക്കണം. വെറും വാഗ്ദാനങ്ങള്‍ക്ക് വില കൊടുക്കാതെ സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയാണ് വിലയിരുത്തേണ്ടത്. പലവിധ ചിന്താഗതികളും രാഷ്ട്രീയവുമൊക്കെയുള്ള പ്രവാസികളുണ്ടാകും.
എന്നിരുന്നാലും പ്രാദേശികതലത്തിലെങ്കിലും നമ്മള് സമ്മതിദാനം വിനിയോഗിക്കുമ്പോൾ കക്ഷിരാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാതെ വിദ്യാഭ്യാസ സാമൂഹിക മികവുള്ളവരും നമ്മുടെ പ്രദേശത്തിന് വികസനം എത്തിക്കാന്‍ കഴിയുന്നവരും മതമൈത്രിക്കും അഴിമതി നിര്‍മാര്‍ജനത്തിനും വേണ്ടി പടപൊരുതാന്‍ തയാറുള്ളവരുമായ അര്‍ഹരില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കാനാണ് നാം ശ്രദ്ധപുലര്‍ത്തേണ്ടത്. വോട്ട് കേവലം കക്ഷിരാഷ്ട്രീയ താല്പര്യത്തിനാവരുതെന്ന് അര്‍ഥം.