ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് ഭാരതീയ ജനതാ പാർട്ടി കേവലം 4 സീറ്റിൽ നിന്നുമാണ് 48യിലേക്ക് ഉയർന്നത്.ഭരണകക്ഷിയായ ടി ആര്‍ എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കടുത്ത മത്സരത്തിനൊടുവില്‍ ബി ജെ പി നേടിയത് മിന്നും വിജയം. ബിജെപിയുടെ വന്‍ മുന്നേറ്റം തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് വിജയത്തിന്റെ ശോഭ കെടുത്തി.
ദേശീയ നേതാക്കളെ വരെ രംഗത്തിറക്കി രാജ്യത്ത് ഇതുവരെ നടന്ന ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും നല്‍കാത്ത ശ്രദ്ധയാണ് ബിജെപി ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് നല്‍കിയത്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മുമായി നടത്തിയ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന 150 വാര്‍ഡുകളില്‍ 55 എണ്ണം ടി ആര്‍ എസ് നേടി. ബി ജെ പിക്ക് 48 വാര്‍ഡുകളും അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ ഐ എമ്മിന് 44 വാര്‍ഡുകളും ലഭിച്ചു. കോണ്‍ഗ്രസിന് രണ്ട് വാര്‍ഡുകള്‍ മാത്രമേ നേടാനായുളളൂ. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു വാര്‍ഡില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് 99 സീറ്റുകളും ഒവൈസിയുടെ പാര്‍ട്ടി 44 സീറ്റുകളും ബി ജെ പി നാല് സീറ്റുകളുമാണ് നേടിയത്.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടി ആര്‍ എസ് 2016ലെ തിരഞ്ഞെടുപ്പില്‍ നിന്ന് 40 ശതമാനം ഇടിവാണ് വോട്ട് ശതമാനത്തില്‍ രേഖപ്പെടുത്തിയത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പ് ഫലം 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുളള ചൂണ്ടുപലകയായി മാറുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് ടി ആര്‍ എസും ബി ജെ പിയും തമ്മിലുളള നേരിട്ടുളള പോരാട്ടമാകുമെന്നും കോണ്‍ഗ്രസ് കളിയില്‍ കാണില്ലെന്നുമാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.
‘ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. പ്രതീക്ഷകളേക്കാള്‍ 20 മുതല്‍ 25 സീറ്റുകള്‍ വരെ ഞങ്ങള്‍ക്ക് കുറഞ്ഞു. 10-12 സീറ്റുകളില്‍ 200 ല്‍ താഴെ വോട്ടുകള്‍ക്കാണ് ഭൂരിപക്ഷം. നിരാശപ്പെടേണ്ട കാര്യമില്ല, ഞങ്ങള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കും’ എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചന്ദ്രശേഖറ റാവുവിന്റെ പ്രചാരണം. കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ബി ജെ പിയുടെ നേട്ടം പരോക്ഷമായെങ്കിലും സമ്മതിക്കുകയാണ് ചന്ദ്രശേഖര റാവും ചെയ്‌തത്.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ഹൈദരാബാദ് ജനത വ്യക്തമാക്കിയതായി ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. അഴിമതിക്കാരായ കെ സി ആര്‍ സര്‍ക്കാരിനോട് വിട പറയാന്‍ തെലങ്കാനയിലെ ജനങ്ങള്‍ തീരുമാനിച്ചതായി തനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പില്‍ പ്രാദേശിക കാര്യങ്ങളെക്കാള്‍ ദേശീയ രാഷ്ട്രീയം ഉയര്‍ത്തികൊണ്ടു വരാന്‍ ബി ജെ പി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ദേശീയ നേതാക്കളായ അമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ്, പ്രകാശ് ജാവദേക്കര്‍, സ്‌മൃതി ഇറാനി എന്നിവര്‍ ഒരു മാറ്റം ആവശ്യമാണെന്ന് ഹൈദരാബാദിലെ ജനങ്ങളെ തിരഞ്ഞെടുപ്പ് റാലികളില്‍ നിരന്തരം ഓര്‍മ്മപ്പെടുത്തി.കര്‍ണാടക കഴിഞ്ഞാല്‍ മറ്റുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ കാര്യമായ വേരുറപ്പിക്കാന്‍ ബി ജെ പിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേരളവും തമിഴ്നാടും അടക്കമുളള സംസ്ഥാനങ്ങള്‍ യു പി എയ്‌ക്ക് വേരോട്ടമുളള പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ അടുത്ത താമര തെലങ്കാനയില്‍ വിരിയിപ്പിക്കാനുളള ശ്രമത്തിലാണ് ബി ജെ പി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതിനുളള ആദ്യസൂചനയുമായി.