സിഎം രവീന്ദ്രന് ഇ.ഡി മൂന്നാമതും നോട്ടീസയച്ചു,ഈ മാസം 10ന് ഹാജരാകണം

0
330

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് മൂന്നാമതും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന‍റ് ഡയറക്ടറേറ്റ്. ഇത് മൂന്നാമത്തെ തവണയാണ്  രവീന്ദ്രന് ഇ.ഡി നോട്ടീസ് അയയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട ദിവസമാണ് ഇ.ഡി. രവീന്ദ്രനെ വിളിച്ചിരിക്കുന്നത്.

മുൻപ് 2  പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. ആദ്യം നവംബർ ആറിന് നോട്ടീസയച്ചപ്പോൾ കോവിഡ് ബാധിച്ചുവെന്ന മറുപടി നൽകി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം വട്ടം നോട്ടീസയച്ചത്. രവീന്ദ്രൻ്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇ.ഡി. പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. സി.എം. രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി.കത്തയയ്ക്കുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ മേഖലാ ഓഫീസുകൾക്കാണ് കത്തയച്ചത്. ഇത്തരത്തിൽ രവീന്ദ്രൻ്റെ പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്യൽ.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം. രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കർ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം. രവീന്ദ്രൻ്റെ പേര് പരാമർശിച്ചത്. യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്പിങ്ങിനായാണ് രവീന്ദ്രൻ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നൽകിയത്.