ഗള്‍ഫ് ഇതര രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം തപാല്‍ വോട്ടിന് സൗകര്യമൊരുക്കും.കേരളം അടക്കം മാസങ്ങള്‍ക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവാസി വോട്ടര്‍മാര്‍ക്ക് ഈ രീതിയില്‍ വോട്ടിങ് ക്രമീകരണം ഒരുക്കിയേക്കും.പ്രവാസി വോട്ടവകാശത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മുറവിളി ഉയര്‍ത്തിയത് ഗള്‍ഫ് നാടുകളിലെ പ്രവാസികളാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് സമ്ബ്രദായം തുടങ്ങാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പു കമീഷന് നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയവും തെരഞ്ഞെടുപ്പു കമീഷനും നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശം.
ജനാധിപത്യം നിലനില്‍ക്കുന്ന ഗള്‍ഫിതര രാജ്യങ്ങളില്‍ ആദ്യഘട്ടത്തില്‍ തപാല്‍ വോട്ട് പരീക്ഷിക്കാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം. ഈ സമീപനം തുടര്‍ന്നാല്‍ ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഭാവിയിലും വോട്ടുചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ആദ്യഘട്ടത്തില്‍ കഴിയാത്ത സാഹചര്യം ഭാവിയിലും നിലനില്ക്കും.യു.എസ്, കാനഡ, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ജപ്പാന്, ആസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇ-തപാല്‍ വോട്ട് നടപ്പാക്കാമെന്ന അഭിപ്രായമാണ് വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പു കമീഷനോട് പറഞ്ഞത്. നയതന്ത്ര കാര്യാലയങ്ങളില്‍ ഇതിന് ക്രമീകരണം ഒരുക്കാമെങ്കിലും, നടത്തിപ്പിനു വേണ്ട ജീവനക്കാരെ തെരഞ്ഞെടുപ്പു കമീഷന് നിയോഗിക്കണം.
ഇ-തപാല്‍ വോട്ട് സംബന്ധിച്ച നിര്‍ദേശം ഇങ്ങനെയാണ്: തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങി അഞ്ചു ദിവസത്തിനകം താല്പര്യമുള്ള പ്രവാസി ഇന്ത്യക്കാര്‍ ബന്ധപ്പെട്ട മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറെ വിവരമറിയിക്കണം. അതനുസരിച്ച് ഇലക്ട്രോണിക് ബാലറ്റ് നയതന്ത്ര കാര്യാലയത്തില്‍ ലഭ്യമാക്കും. അവിടെയെത്തുന്ന അപേക്ഷകന് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് നല്‍കും. വോട്ട് രേഖപ്പെടുത്തി, നിശ്ചിത ഫോറത്തിലുള്ള ഡിക്ലറേഷനില്‍ ഒപ്പുവെച്ച് തിരിച്ചേല്പിക്കണം. അത് മുദ്രവെച്ച കവറിലാക്കി തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അയക്കും.
ഇപ്പോള്‍ സൈനികര്‍ക്ക് മാത്രമാണ് ഇ-തപാല്‍ വോട്ട് സംവിധാനംമുള്ളത്. ഇലക്ട്രോണിക് സംവിധാനത്തില്‍ കിട്ടുന്ന ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി തപാല്‍ മാര്‍ഗം തിരിച്ചയക്കുന്നതാണ് ഈ രീതി. ഇന്നത്തെ നിലക്ക് ഇ-തപാല്‍ വോട്ട് പദ്ധതി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പു കമീഷന് മുന്നോട്ടു നീക്കിയാല്‍ കേരളത്തിനു പുറമെ പശ്ചിമ ബംഗാള്‍, അസം, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ചെറിയൊരു പങ്ക് പ്രവാസികള്‍ക്ക് മാത്രമാണ് വോട്ടുചെയ്യാന്‍ അവസരം കിട്ടുക.പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പു ചട്ടം മാത്രം ഭേദഗതി ചെയ്താല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പു കമീഷന് അറിയിച്ചിട്ടുള്ളത്.വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ട് (മുക്ത്യാര്‍ വോട്ട്) സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നെങ്കിലും അത് കഴിഞ്ഞ ലോക്സഭയുടെ കാലാവധി തീര്‍ന്നതോടെ ലാപ്സായിരുന്നു