ഹൈദരാബാദിലെ 16 കാരിയെ കേരളത്തില്‍ നിന്നുള്ള 56 കാരനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു ഒടുവിൽ പൊലീസ് എത്തി രക്ഷപ്പെടുത്തി. തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നീക്കം. സംഭവത്തില്‍ അബ്ദുള്‍ റഹ്മാന്‍, വസീം ഖാന്‍ എന്നീ ഇടനിലക്കാരെയും വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ഖാസി മുഹമ്മദ് ബദിയുദ്ദീന്‍ ഖ്വാദ്രിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജയിലിലാണ്.
16 കാരിയെ വിവാഹം ചെയ്ത് നല്‍കാന്‍ അവളുടെ പ്രായപൂര്‍ത്തിയായ ചേച്ചിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിച്ചത്. പ്രതികള്‍ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ബാലവിവാഹനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
കേരള സ്വദേശിയായ വരന്‍ അബ്ദുള്‍ ലത്തീഫ് ഒളിവിലാണ്.വിവാഹം നടത്താന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ഹൂറുന്നീസ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ ഇവര്‍ രണ്ട് ഇടനിലക്കാര്‍ക്ക് നല്‍കിയിരുന്നു.പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ല, അച്ഛന്‍ കിടപ്പിലാണ്. കുട്ടിയുടെ ബന്ധു പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.