ബോളിവുഡ് ചലച്ചിത്രരംഗത്തിനുപുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന മികച്ച നടനായിരുന്നു ഇർഫാൻ ഖാൻ. ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യനടന്‍ ഓര്‍മയായിട്ട് അഞ്ചുമാസങ്ങള്‍ കടന്നു പോയിരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഇര്‍ഫാന്‍ മരണപ്പെട്ടത്. ഇര്‍ഫാന്റെ മരണവുമായി ഇതുവരെ പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല ഭാര്യ സുതാപ സിക്ദാറിനും മക്കളായ ബബില്‍ ഖാനും അയന്‍ ഖാനും.
സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ സുതാപ ഇര്‍ഫാനോട് ഒപ്പമുണ്ടായിരുന്ന കാലത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാറുണ്ട്.സുതാപ പങ്കുവച്ച ഒരു ചിത്രവും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമാണ് ഇപ്പോള്‍ ഇര്‍ഫാന്‍ ആരാധകരുടെ കണ്ണു നനയിക്കുന്നത്. സാഹിത്യ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹയായ ലൂയിസ് ഗ്ലകിന്റെ മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു കവിത പങ്കുവച്ചുകൊണ്ടാണ് സുതാപ ഇര്‍ഫാന്റെ ഓര്‍മകള്‍ പങ്കുവച്ചത്. പനിനീര്‍പൂക്കളാല്‍ അലങ്കരിച്ച ഇര്‍ഫാന്റെ കബറിന്റെ ചിത്രവും സുതാപ പങ്കുവച്ചിട്ടുണ്ട്.
എല്ലാ ദിവസവും ആളുകള്‍ മരിക്കുന്നു,
അതൊരു തുടക്കം മാത്രമാണ്.
എല്ലാ ദിവസവും,
സംസ്കാരചടങ്ങുകള്‍ നടക്കുന്ന വീടുകളില്‍ പുതിയ വിധവകള്‍ ജനിക്കുന്നു,
പുതിയ അനാഥര്‍.
അവര്‍ കൈക്കൂപ്പി ഇരിക്കുന്നു,
ഒരു പുതിയ ജീവിതത്തെ കുറിച്ച് തീരുമാനിക്കാന്‍ ശ്രമിക്കുന്നു.
പിന്നെ അവര്‍ സെമിത്തേരിയിലാണ്,
അവരില്‍ ചിലര്‍ ആദ്യമായാവാം.
അവര്‍ കരയാന്‍ ഭയപ്പെടുന്നു, ചിലപ്പോള്‍ കരയുന്നേയില്ല..
ചിലര്‍ അടുത്തതായി എന്തുചെയ്യണമെന്ന് അവരോട് പറയുന്നു,
ചിലപ്പോള്‍ ഏതാനും വാക്കുകള്‍ പറയാനാവാം,
അതിനു ശേഷം എല്ലാവരും കുഴിമാടത്തിനു മുകളില്‍ മണ്ണിടുന്നു.
അതിനുശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുന്നു,
വീട് സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കുന്നു.
വിധവ കട്ടിലില്‍ ഇരിക്കുന്നു,
ആളുകള്‍ അനുഭാവപൂര്‍വ്വം അവളെ സമീപിക്കുന്നു,
കൈകളില്‍ പിടിച്ച് ആശ്വസിപ്പിക്കുന്നു,
ചിലപ്പോള്‍ ആലിംഗനം ചെയ്യുന്നു.
അവരോടെല്ലാം പറയാന്‍ അവളെന്തെങ്കിലും കണ്ടെത്തുന്നു,
നന്ദി, വന്നതിന് നന്ദി.
എന്നാല്‍ മനസ്സു കൊണ്ട് അവള്‍ അവരെല്ലാം പോവണമെന്ന് ആഗ്രഹിക്കുന്നു.
സെമിത്തേരിയിലേക്ക് തിരിച്ചു ചെല്ലാന്‍ അവള്‍ ആഗ്രഹിക്കുന്നു,
തിരികെ ആശുപത്രി മുറിയിലേക്ക് ചെല്ലാന്‍..
അവള്‍ക്കറിയാം അത് സാധ്യമല്ല.
എന്നാല്‍ അതവളുടെ ഏക പ്രതീക്ഷയാണ്,
പിന്നോട്ട് പോകാനുള്ള ആഗ്രഹം.”
തന്റെ പ്രിയതമനുവേണ്ടി സുതാപ എഴുതിയ വാക്കുകൾ. അദ്ദേഹം മറ്റൊരു ലോകത്തു ഇരുന്നു ഈ കത്ത് വായിക്കുന്നുണ്ടാകാം.