എപ്പോളും ഏത് നിമിഷത്തിലും സന്തോഷത്തോട് കൂടി ഇരിക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് സഹായകരമാകും. അമേരിക്കയില്‍ നടത്തിയ പുതിയ സര്‍വേയിലാണ് സന്തോഷത്തിന് കാരണം വെള്ളം കുടിയാണെന്ന് വ്യക്തമാക്കുന്നത്. അമേരിക്കയില്‍ രണ്ടായിരത്തോളം പേരിലാണ് സര്‍വേ നടത്തിയത്. ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ കാറ്റഗറിയായി തിരിച്ചായിരുന്നു സര്‍വേ നടത്തിയത്.
ഇതില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ശുഭാപ്തി വിശ്വാസികളും ഊര്‍ജസ്വലരരും ജീവിതത്തില്‍ വിജയങ്ങള്‍ നേടിയവരുമാണെന്ന് കണ്ടെത്തി.സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവരാണ്. ദിവസവും വെള്ളം കുടിക്കുന്നത് കുറവാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം പേര്‍ വ്യക്തമാക്കി.
ബോഷ് ഹോം അപ്ലയന്‍സസിന് വേണ്ടി വണ്‍ പോള്‍ ആണ് സര്‍വേ നടത്തിയത്. വെള്ളം കുടിക്ക് ജീവതത്തില്‍ ഏറെ പ്രധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് സര്‍വേയില്‍ കണ്ടെത്തിയത്. കൂടുതല്‍ വെള്ളം കുടിക്കുന്നു എന്ന് പറഞ്ഞ നാല്‍പ്പത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ കുറവ് വെള്ളം കുടിക്കുന്നവരേക്കാള്‍ ഊര്‍ജമുള്ളവരും ശുഭാപ്തി വിശ്വാസികളുമാണെന്ന് സര്‍വേ പറയുന്നു.
ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണെന്നാണ് കണക്ക്. ഇത് ഏകദേശം രണ്ടര ലിറ്റര്‍ വരും. കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം.നമ്മുടെ ശരീരത്തിന്റെ 70 ശതമാനം വെള്ളമാണെന്ന് അറിയാമല്ലോ. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്.