പെട്ടെന്ന് തളർന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്ത 400ലേറെ പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
അടുത്തിടെ ഉപയോഗിച്ച ഏതെങ്കിലും കീടനാശിനികളോ അല്ലെങ്കിൽ കൊതുക് നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഓർഗാനോക്ലോറൈനുകളോ ആകാം അജ്ഞാത രോഗത്തിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക നിഗമനം. അജ്ഞാതമായ അസുഖം മുന്നൂറിലധികം കുട്ടികളെയും ബാധിച്ചിട്ടുണ്ട്.
രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും തലകറക്കം, ബോധക്ഷയം, തലവേദന, ഛർദ്ദി എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഇവർക്കെല്ലാം കോവിഡ് പരിശോധനയിൽ നെഗറ്റീവാണ്. പശ്ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് രോഗബാധയുണ്ടായത്.
അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ഇതുവരെ രോഗംപിടിപെട്ട രോഗികൾ തമ്മിൽ പരസ്പരം ബന്ധമില്ലെന്നും ഇവർ ഒന്നിച്ച് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ നേരത്തെതന്നെ അറിയിച്ചിരുന്നു.