ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളില്‍ മൈഗ്രന് ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കില്‍ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.
ശബ്ദവും വെളിച്ചവും
ഗ്രിഗറുകളില് പ്രധാനപ്പെട്ടത് ആര്‍ത്തവം, സ്ട്രെസ്, തളര്‍ച്ച, കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുക, ദീര്ഘയാത്രകള്, അമിതമായ പ്രകാശകിരണങ്ങള്‍, ശബ്ദകോലാഹലങ്ങള്‍, അമിതായാസം, ദീര്‍ഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങള്‍, ലൈംഗികബന്ധം(രതിമൂര്‍ച്ഛ), ഋതുഭേദങ്ങള്‍, പെര്‍ഫ്യൂമുകള്‍, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചോക്ലേറ്റ് ചിലരില്‍…
ചിലതരം ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരില്‍ പത്തു ശതമാനം പേര്‍ക്കും ഇത്തരം ആഹാരപദാര്‍ഥങ്ങള്‍ വിനയാകുന്നു. ചോക്ലേറ്റുകള്‍, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈന്‍), നാരങ്ങ, കാപ്പിയിലെ കഫീന്‍, ചൈനീസ് ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പര്‍ട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം പല കാഠിന്യത്തില്‍ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
പരിഹാരവും വ്യക്തിപരം
ഓരോരുത്തര്‍ക്കും ഹാനികരമായ ട്രിഗറുകള്‍ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കള്‍ക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാന്‍ ഉദ്യമിക്കുക.
സ്ത്രീകളില്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാര്ക്ക് മൈഗ്രേന് ഉണ്ടാകുന്നതായി കാണുന്പോള്‍ ഇതു സ്ത്രീകളില്‍ 27 ശതമാനം പേര്‍ക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാല്‍ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുൻപ് ആണ്‍കുട്ടികള്‍ക്കാണ് മൈഗ്രേന് കൂടുതലായുണ്ടാകുന്നത്. എന്നാല്‍ ആ പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.
ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില്‍ പുരുഷന്മാരെക്കാള് കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങള്‍ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘര്ഷാവസ്ഥയുണ്ടാകുന്പോള് പോലും അവ മൈഗ്രേനില്‍ കലാശിക്കുന്ന സ്ത്രീകളുണ്ട്.
ഛര്‍ദിക്കു പിന്നില്‍
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിന്‍ സ്റ്റെമിലെ സവിശേഷഭാഗങ്ങള്‍ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛര്‍ദിയും ഉണ്ടാകുന്നു. ചിലര്‍ക്ക് ഛര്‍ദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ മ്രൈഗേന് ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛര്‍ദി ഉണ്ടാകുന്നത്.
വിവരങ്ങള്‍ – ഡോ. ശുഭ ജോര്‍ജ് തയ്യില്‍ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.