എന്നെ നിങ്ങൾ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, എനിക്ക് ഒരു വിഷമമില്ലെന്നും താന്‍ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവര്‍ത്തകനുമാണെന്ന് സുരേഷ് ഗോപി. കോഴിക്കോട് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വൃത്തികെട്ട ജന്മങ്ങള് വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരില്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ് ഇതെല്ലാം എന്നും സുരേഷ് ഗോപി പറഞ്ഞു. ഭരിച്ചു തെളിയിക്കാന്‍ തങ്ങള്‍ക്ക് ആയിരം പഞ്ചായത്തുകള്‍ തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.കഴിഞ്ഞദിവസം കണ്ണൂരില്‍ സംസാരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണെന്നും നെറികേട് കാണിച്ച ഈ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.
തന്റെയടുത്ത് ആവശ്യങ്ങളുമായി എത്തുന്നവര്‍ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാര്‍ശ കൂടി കൊണ്ടുവരണമെന്ന സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റുമാരുടെ കത്തുമായി വരാത്ത ആര്‍ക്കും താന്‍ യാതൊരു സഹായവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പ്രചാരണം നടത്തവെ യു ഡി എഫ് – എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ മലിനമാണെന്ന പരാമര്‍ശവും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു തോറ്റതാണ് സുരേഷ് ഗോപി. മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.