ഗ്ലാസുകളുടെയും കറന്‍സി നോട്ടുകളുടെയും പ്രതലത്തില്‍ ദിവസങ്ങളോളം നോവൽ കൊറോണ വൈറസ് നിലനില്‍ക്കുമെന്നു കണ്ടെത്തല്‍. ഓസ്ട്രേലിയയിലെ പ്രശസ്തമായ ബയോസെക്യൂരിറ്റി ലാബോറട്ടറിയാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്.ബാങ്ക് നോട്ടുകളിലും ഗ്ലാസിലും 2-3 ദിവസം വരെയൊക്കെ കൊറോണ വൈറസ് നിലനില്‍ക്കുമെന്നായിരുന്നു നേരത്തെ വന്ന കണ്ടെത്തലുകള്‍.
എന്നാല്‍, മൊബൈല്‍ ഫോണ്‍ സ്ക്രീനുകള്‍, കറന്‍സി നോട്ടുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയവയില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്ക്കാന് കഴിയുമെന്നു നിലവിലെ പഠന റിപ്പോര്‍ട്ട് പറയുന്നു. 20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) സാര്‍സ് കോവ് 2 വൈറസ് 28 ദിവസത്തേക്കു തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വൈറോളജി ജേണലിലാണു സിഎസ്ഐആര്‍ഒയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കോട്ടണ്‍ പോലുള്ള വസ്തുക്കളുടെ ഉപരിതലത്തില്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ വൈറസ് 14 ദിവസം വരെയും ചൂടുകൂടുന്പോള് ഇത് 16 മണിക്കൂറിലേക്കു കുറയുകയും ചെയ്യും. മുന്‍പുള്ള പഠനങ്ങളില്‍ വൈറസിന് ഇത്ര ദീര്‍ഘകാലത്തേക്ക് അതിജീവിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല.
മീറ്റ് പ്രൊസസിംഗ്, കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകളില്‍ കോവിഡ് വ്യാപനമുണ്ടാകുന്നതിന്റെ കാരണം സ്ഥിരീകരിക്കുന്നതാണു പഠനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാംസ സംസ്കരണ ഫാക്ടറികളിലെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണു കോവിഡ് ബാധിച്ചത്.