കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മദ്യത്തോട് അകലം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. ഇത് 42 ദിവസം തുടരണമെന്നാണ് നിര്‍ദേശം.
കൊറോണ വൈറസിനെതിരായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വാക്സിൻ വികസിപ്പിച്ച അലക്സാണ്ടർ ജിന്റ്സ്ബർഗ് ഈ ഉപദേശത്തെ പിന്തുണക്കുന്നില്ല.
സ്പുട്‌നിക് വി ട്വിറ്റര്‍ ചാനല്‍ ബുധനാഴ്ച, ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ന്‍ ഉയര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പം തികച്ചും വ്യത്യസ്തമായ ഉപദേശം പ്രസിദ്ധീകരിച്ചിരുന്നു.ഒരു ഗ്ലാസ് ഷാംപെയ്ന്‍ ആരെയും വേദനിപ്പിക്കില്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെപ്പോലും- ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. ശരീരം പ്രതിരോധശേഷി കൈവരിക്കുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നും എന്നാല്‍ പൂർണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വാക്‌സിന്‍ സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും റഷ്യയ്ക്കോ സ്പുട്നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുന്നതിനുമുമ്പ് ഉപയോഗത്തിന് അനുമതി നല്‍കിയ സ്പുട്‌നിക് വി ഡോക്ടര്‍മാര്‍, സൈനികര്‍, അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് തുടക്കത്തില്‍ നല്‍കിയത്. രണ്ട് വാക്‌സിന്‍ ഡോസുകള്‍ 21 ദിവസത്തെ ഇടവേളകളിലാണ് കുത്തിവെയ്ക്കുന്നത്.