ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരുടെ സ്വകാര്യ ഇമെയില്‍ വിലാസങ്ങളും ജന്മദിനങ്ങളും ഫേസ്ബുക്ക് ചോർത്തുന്നതായി കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ, എല്ലാം ശരിയാക്കിയെന്നു നില ഭദ്രമെന്നും ഫേസ്ബുക്ക്. അക്കൗണ്ടിനായി സൈന്‍ അപ്പ് ചെയ്യുമ്പോൾ, ഉപയോക്താക്കളുടെ ഇമെയില്‍ വിലാസവും ജന്മദിനങ്ങളും മറ്റ് ഉപയോക്താക്കള്‍ക്ക് ദൃശ്യമാകില്ലെന്ന് ഇന്‍സ്റ്റാഗ്രാം നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍, സൗഗത് പോഖാരെല്‍ എന്ന ടെക്കി കണ്ടെത്തിയ ബഗ് പ്രകാരം ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങളെല്ലാം ആര്‍ക്കു വേണമെങ്കിലും തട്ടയെടുക്കാവുന്ന വിധത്തിലായിരുന്നുവത്രേ. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇത് ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും സംഭവം യാദൃശ്ചികമാണെന്നും തെറ്റുചൂണ്ടിക്കാട്ടിയപ്പോള്‍ മാറ്റിയെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്. ഫേസ്ബുക്ക് ഇതൊന്നും ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കളി കാര്യമായോയെന്നു കണ്ടറിയണം.
ഒക്ടോബറില്‍ പരീക്ഷണം ആരംഭിച്ചതിനാല്‍ ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ ബഗ് തുറന്നുകാട്ടപ്പെട്ടിട്ടുള്ളൂ എന്നും പോഖാരെല്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ട് വന്നയുടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്ന ഒരു ഫേസ്ബുക്ക് വക്താവ് ദി വെര്‍ജിനോട് പറഞ്ഞു, ‘ഒരു ഗവേഷകന്‍ ഒരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു, ബിസിനസ്സ് അക്കൗണ്ടുകള്‍ക്കായി ഞങ്ങള്‍ ഒക്ടോബറില്‍ നടത്തിയ ഒരു ചെറിയ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു അത്.
ഇതുപ്രകാരം, സന്ദേശമയച്ച വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമായിരുന്നു. ഈ പ്രശ്‌നം വേഗത്തില്‍ പരിഹരിച്ചു, ദുരുപയോഗത്തിന്റെ തെളിവുകളൊന്നും ഞങ്ങള്‍ കണ്ടെത്തിയില്ല. ഞങ്ങളുടെ ബഗ് ബൗണ്ടി പ്രോഗ്രാമിലൂടെ, ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സഹായത്തിന് ഈ ഗവേഷകന് പ്രതിഫലം നല്‍കി.
ഫേസ്ബുക്ക് പരീക്ഷിക്കുന്ന ഒരു ഫീച്ചറാണേ്രത പ്രശ്‌നക്കാരന്‍. ഇതാണ് ഇപ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചൂഷണം ചെയ്യാവുന്ന ഒരു ബഗായി മാറിയത്. ബിസിനസ്സ് അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന പ്രത്യേക ഫീച്ചറിലൂടെ ഇന്‍സ്റ്റാഗ്രാമിലേക്ക് പ്രവേശനം നല്‍കുകയും, അവ ചൂഷണം ചെയ്യപ്പെടുകയുമാണെന്നാണ് വിവരം. ഏത് ഫേസ്ബുക്ക് ബിസിനസ് അക്കൗണ്ടിനും ലഭ്യമായ ഫേസ്ബുക്കിന്റെ ബിസിനസ് സ്യൂട്ട് ടൂള്‍ ആണ് ഇതിനായി ഉപയോഗിച്ചതെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.
ഉപയോക്താക്കള്‍ ഇല്ലാതാക്കിയ ഫോട്ടോകളും വീഡിയോകളും ഇന്‍സ്റ്റാഗ്രാം ശരിക്കും നീക്കം ചെയ്യുന്നില്ലെന്ന് ഓഗസ്റ്റില്‍ പോഖാരെല്‍ കണ്ടെത്തിയിരുന്നു. ഉപയോക്താക്കള്‍ നീക്കംചെയ്ത വിവരങ്ങള്‍ ഒരിക്കലും പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇല്ലാതാകില്ലെന്ന് ഇത് കണ്ടെത്തി. ഫോട്ടോകളുടെയും നേരിട്ടുള്ള സന്ദേശങ്ങളുടെയും ഒരു പകര്‍പ്പ് പോഖറേല്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, ഒരു വര്‍ഷം മുമ്ബ് അദ്ദേഹം ഇല്ലാതാക്കിയ ഡാറ്റ അദ്ദേഹത്തിന് കൈമാറി. പ്രശ്‌നം ഉന്നയിച്ചതിന് പോഖറലിന് 6,000 ഡോളര്‍ ബഗ് ബൗണ്ടി ലഭിച്ചു.