കേന്ദ്ര ഗവൺമെന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമാണ്. നിരത്തില്‍ സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടുന്നില്ല, കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ, കെ.എസ്.ആര്.ടി.സി, ബി.എസ്.എന്‍.എല്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക. എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി യൂണിയന്റെ പണിമുടക്ക്. ബുധനാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല. ശബരിമല തീര്‍ഥാടകരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പണിമുടക്കില്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേരുന്നുണ്ട്. ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള് ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന് സെന്റര്‍, ട്രേഡ് യൂണിയന് കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷന്, ഓള് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.