ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി, ഭീകര വിരുദ്ധ സമിതി അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

0
305
PM-UN
PM-UN

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം.യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകരതക്കെതിരേ, പ്രത്യേകിച്ച്‌ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരേ കാലങ്ങളായുള്ള ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്. ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു.

un
un

പതിനഞ്ചംഗ രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത പത്തംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും.അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. 1988ലെ ഉപരോധ സമിതിയെന്നും ഇത് അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണം.

narendra-modi.un
narendra-modi.un

ആഗോള ഭീകരതയ്ക്ക് എതിരായ സമിതിയാണ് മറ്റൊന്ന്. ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയാണ് മറ്റൊന്ന്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. ലിബിയക്കെതിരായ ഉപരോധം നടപ്പാക്കുകയും അവരുടെ സ്വത്ത് മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സമിതി അധ്യക്ഷ സ്ഥാനം ലഭിച്ചതും പ്രധാനമാണ്, തിരുമൂര്‍ത്തി പറഞ്ഞു.യുഎന്‍ രക്ഷാസമിതിയുടെ പ്രധാന സമിതികളാണ് ഇവ മൂന്നും. ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ യുഎന്നിലെ നേതൃത്വ സ്ഥാനത്താണ് ഇന്ത്യ.

united-nations
united-nations

രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.മുന്‍പ് ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്ന 2011, 2012 കാലത്ത് ഹര്‍ദീപ് സിങ് പുരിയായിരുന്നു ഭീകര വിരുദ്ധ സമതി അധ്യക്ഷന്‍. അന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന പുരി ഇന്ന് കേന്ദ്ര മന്ത്രിയാണ്. അമേരിക്കയിലെ ഭീകരാക്രമണ ശേഷമാണ് ഈ സമിതി രൂപീകരിച്ചത്.