എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡി ജി പി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി ആര്‍ എസ് അംഗീകരിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജേക്കബ് തോമസിന് കഴിഞ്ഞിരുന്നില്ല.
നിയമസഭ സ്ഥാനര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ ബി ജെ പി നേതാക്കളുമായി ജേക്കബ് തോമസ് നടത്തിയതായാണ് വിവരം. കഴിഞ്ഞവര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നുവെന്നും അതിന്റെ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ ഡി എഫിനും യു ഡി എഫിനും ഇഷ്‌ടമല്ല. പിന്നെ എന്‍ ഡി എ മാത്രമേയുളളൂവെന്നും എന്‍ ഡി എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമാകും. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കണം. മുസ്ലീം ആയാലും ക്രിസ്‌ത്യന്‍ ആയാലും ഒക്കെ ബി ജെ പിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പിന്തുണ കിട്ടുന്നുണ്ട്. അത് എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടായെന്നും ജേക്കബ് തോമസ് ചോദിച്ചു.2016ല്‍ 59,000 വോട്ടുകള്‍ നേടി സി പി എം വിജയിച്ച ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബി ജെ പിക്ക് 30,420 വോട്ടാണ് ലഭിച്ചത്. ഇക്കുറി മണ്ഡലത്തില്‍ ബി ജെ പി വലിയ പ്രതീക്ഷയാണ് വച്ച് പുലര്‍ത്തുന്നത്.