സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിചു. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സയിലാണ് ശിവശങ്കർ ഇപ്പോഴുള്ളത്.
ചാർട്ടേഡ് അക്കൗണ്ടുമായിട്ടുള്ള വാട്‌സാപ്പ് ചാറ്റാണ് ശിവശങ്കറിന്റെ മുഖ്യ പങ്കിന് തെളിവായി കസ്റ്റംസ് ഹാജരാക്കിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ശിവശങ്കറിനെതിരെ കോടതിയില്‍ ഉയര്‍ത്തിയത്.തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു.