ഇടത് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലെന്ന പോലീസിന്റെ അറിയിപ്പ് പിന്‍വലിച്ചു. ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പോര്‍ട്ടലിലാണ് യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പോലീസ് അറിയിപ്പ് സൈറ്റില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.
യുവതികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന പോലീസ് നിലപാട് പരസ്യമാക്കിയതോടെ സര്‍ക്കാരിന് വലിയ നാണക്കേടാണുണ്ടായത്. ഇതിനെ തുടര്‍ന്ന് പോലീസിന്റെ നടപടിയെ സര്‍ക്കാരും ദേവസ്വംബോര്‍ഡും പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. അതോടെ യുവതികള്‍ക്ക് പ്രവേശനം പാടില്ലെന്ന വരി വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
മുൻപ് ദര്‍ശനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മൂന്നാമതായി നല്‍കിയ യുവതി പ്രവേശനത്തിനെതിരായ വരി നീക്കം ചെയ്ത് പകരം 61നും 65നും ഇടയില്‍ പ്രായമുള്ള ഭക്തര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം എന്നാക്കിമാറ്റിയിട്ടുണ്ട്. യുവതി പ്രവേശനത്തിന് അനുകൂലമായി ആദ്യഘട്ടത്തില്‍ സ്വീകരിച്ച നിലപാടില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും കനത്ത എതിര്‍പ്പ് ഉണ്ടായതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.