പാലക്കാട് നഗരസഭ വീണ്ടും ഭരിക്കാൻ ബിജെപി, മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു ഭരണം പിടിക്കാൻ എല്‍ഡിഎഫും യുഡിഎഫും

0
397
Palakkad.bjp
Palakkad.bjp

പാലക്കാട് നഗരസഭയാണ് കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭ. അതുകൊണ്ട് തന്നെ തുടർന്നും ഭരിക്കാനുള്ള നീക്കവുമായി ബിജെപി തിരഞ്ഞെടുപ്പു രംഗം സജീവമാക്കുമ്പോൾ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ വീണ്ടും ബിജെപി ഭരണത്തിന് വഴിയൊരുക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് വേണമെന്ന് ആവശ്യപ്പെടുകയും അതേസമയം നഗരസഭയില്‍ പോലും സംഘ്പരിവാറിനെ മാറ്റിനിര്‍ത്താന്‍ തയ്യാറാവുകയും ചെയ്യാത്ത വിധത്തിലാണ് പാലക്കാട് നഗരസഭയിലെ എള്‍ഡിഎഫ് യുഡിഎഫ് നേതത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപി ഒരിക്കല്‍കൂടി പാലക്കാട് നഗരസഭയില്‍ അധികാരം പിടിക്കുന്നത് തടയുകയല്ല, മറിച്ച്‌ പരസ്പരം മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ ബിജെപിയുടെ അധികാര ലബ്ദിയെ സഹായിക്കുകയാണ് എല്‍ഡിഎഫ് , യുഡിഎഫ് നേതാക്കള്‍ ചെയ്യുന്നത്.

Palakkad dist
Palakkad dist

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായി ഭിന്നിച്ചതാണ്. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ പാലക്കാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാര്‍ മത്സരിച്ച്‌ വിജയിച്ച കൊപ്പം വാര്‍ഡില്‍ ബി ജെ പിക്ക് 470 വോട്ടും സിപിഎമ്മിന് 372 വോട്ടും കോണ്‍ഗ്രസിന് 431 വോട്ടുമാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസും സിപിഎം ധാരണയുണ്ടായിരുന്നെങ്കില്‍ ചുരുങ്ങിയത 333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മതേതര മുന്നണിക്ക് കൃഷ്ണകുമാറിനെ തോല്‍പ്പിക്കാമായിരുന്നു. മേപ്പറമ്ബ് വാര്‍ഡില്‍ ബി ജെ പി ജയിച്ചത് 786 വോട്ടുകള്‍ നേടിയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 458 വോട്ടുകള്‍. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 490 വോട്ടുകള്‍. ഒന്നിച്ചു നിന്നിരുന്നെങ്കില്‍ 948 വോട്ടുകള്‍ നേടി 162 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു.

pramila-sasidharan
pramila-sasidharan

ഒലവക്കോട് സെന്‍ട്രല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 765 വോട്ടുകളാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസിന് 590 ഉം ഇടതു സ്വതന്ത്രന് 372ഉം വോട്ടുകള്‍ നേടി. ഇവിടെയും ഒന്നിച്ചു നിന്നാല്‍ മതേതര വോട്ടുകളിലൂടെ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു. പള്ളിപ്പുറം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത് 557 വോട്ടുകള്‍ നേടിയാണ്. കോണ്‍ഗ്രസിന് 457 ഉം ഇടത് സ്വതന്ത്രന് 322 ഉം വോട്ടുകളാണ് ലഭിച്ചത്. തോണിപ്പാളയം വാര്‍ഡില്‍ ബി ജെ പി ക്ക് ലഭിച്ചത് 709 വോട്ടുകള്‍. കോണ്‍ഗ്രസിന് 273, ഇടത് സ്വതന്ത്രന് 437, മറ്റൊരു മതേതര സ്വാതന്ത്രന് 69 എന്നീ നിലയിലാണ് വോട്ടുകള്‍. ഒന്നിച്ച്‌ നിന്നിരുന്നെങ്കില്‍ ഈ വാര്‍ഡുകളിലും ബിജെപിയെ ബഹുദൂരം പിന്നിലാക്കാനും പാലക്കാട് നഗരസഭയുടെ ഭരണം സംഘപരിവാറിന്റെ കൈകളില്‍ എത്തുന്നത് തടയാനുമാകുമായിരുന്നു.

Palakkad..
Palakkad..

ഇനി നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ അവസ്ഥയാണ് വരാന്‍ പോകുന്നത്. എല്ലാ വാര്‍ഡുകളിലും ഇടത് വലത് സ്ഥാനാര്‍ഥികള്‍ക്കായി മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന അവസ്ഥ നിലനില്‍ക്കുന്നതിനിടയില്‍ തന്നെ ചിലയിടങ്ങളില്‍ വിമത സ്ഥാനാര്‍ഥികള്‍ അവസാന പ്രതീക്ഷയും ഇല്ലാതെയാക്കുന്നുമുണ്ട്. 24ാം വാര്‍ഡ് കുന്നത്തൂര്‍മേട് സൗത്തില്‍ നിന്ന് കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ജില്ല കണ്‍വീനറുമായ പി. ബാലഗോപാല്‍ മത്സരിക്കുമ്ബോള്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കൂടിയായ എഫ്.ബി. ബഷീര്‍ വിമതനായി മത്സരരംഗത്തുണ്ട്. 11ാം വാര്‍ഡ് കല്ലേപ്പുള്ളിയില്‍ വിമതനായി പത്രിക നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ ഡി.സി.സി ജനറല്‍സെക്രട്ടറി കെ. ഭവദാസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തുന്നു.

Palakkad
Palakkad

പി.ജി. ജയപ്രകാശാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നഗരസഭയില്‍ യു.ഡി.എഫുമായി സഖ്യമില്ലാത്ത വെല്‍ഫയര്‍പാര്‍ട്ടിക്ക് വാര്‍ഡ് 32 വെണ്ണക്കര സൗത്തില്‍ എം. സുലൈമാനാണ് സ്ഥാനാര്‍ഥി. യു.ഡി.എഫിനായി ലീഗ് നേതാവ് ടി.എ. അബ്ദുല്‍ അസീസും വാര്‍ഡില്‍ ജനവിധി തേടുന്നു. യു.ഡി.എഫ് പരമ്ബരാഗതമായി കൈവശം വച്ച വാര്‍ഡ് കഴിഞ്ഞ തവണയാണ് വെല്‍ഫയര്‍പാര്‍ട്ടി പിടിച്ചെടുത്തത്. 51 വാര്‍ഡുകളിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍.ഡി.എ മത്സരിക്കുന്നത്. യു.ഡി.എഫ് 51 സീറ്റില്‍ മത്സരംഗത്തുണ്ട്. ഇടതുമുന്നണി 52 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.