ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന സോമനാഥ ക്ഷേത്ര൦1,400 ലധികം കലശങ്ങള്‍ കൊണ്ട് സ്വര്‍ണ്ണം പൂശുകയാണ് ക്ഷേത്ര ട്രസ്റ്റ്. സന്ദര്‍ശകര്‍ക്ക് അടുത്ത വര്‍ഷത്തോടെ സ്വര്‍ണ്ണകലശങ്ങള്‍ ചൂടി നില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ കാഴ്ച കാണാൻ കഴിയും. ഇതിലേക്കുള്ള സംഭാവനയായി ഇതുവരെ, അഞ്ഞൂറു കുടുംബങ്ങളില്‍ നിന്നും സ്വര്‍ണ്ണം ലഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഗുജറാത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം. കോവിഡിനു മുന്‍പ് ദിനവും പതിനായിരം പേര്‍ ഇവിടെ ദര്‍ശനം നടത്തിയിരുന്നു. സ്വര്‍ണ്ണകലശങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഇതുവരെ 129 കിലോഗ്രാം സ്വര്‍ണ്ണം ക്ഷേത്രത്തിലെ ശ്രീകോവില്‍, തൂണുകള്‍, വാതില്‍ മുതലായവയിലായി പൂശിക്കഴിഞ്ഞിട്ടുണ്ട്. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ വിവിധ വലുപ്പത്തിലുള്ള കലശങ്ങള്‍ ക്ഷേത്രത്തിനുണ്ട്. ഇവയോരോന്നിനും വ്യത്യസ്ത അളവിലാണ് സ്വര്‍ണ്ണം പൂശേണ്ടത്. ഭക്തര്‍ക്ക് ഇവ വഴിപാടായി നല്‍കാം. വലിയ കലശത്തിന് 1.51 ലക്ഷം, ഇടത്തരത്തിന് 1.21 ലക്ഷം, ചെറുതിന് 1.11 ലക്ഷം എന്നിങ്ങനെയാണ് സ്വര്‍ണ്ണം പൂശുന്നതിനുള്ള ചിലവ്.
ഓരോ ആളിനും ഒരു കലശത്തിനായി സംഭാവന നല്‍കാം. കലശം ഉറപ്പിക്കുന്നതിനു മുന്‍പ് സംഭാവനയായി നല്‍കിയ ആളുകളെ വിളിച്ച് പ്രത്യേക പൂജയും നടത്തും. നിലവില്‍ വലിയ കലശങ്ങള്‍ക്കായി എണ്‍പത് കുടുംബങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇതേപോലെ ഇടത്തരത്തിന് ഇരുനൂറും ചെറുതിന് നൂറ്റിമുപ്പത്തിയെട്ടും പേര്‍ മുന്നോട്ടു വന്നിരുന്നു.
അറുപതോളം കലശങ്ങള്‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളതിന്‍റെ പണി നടന്നു വരികയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അല്‍പ്പം സാവധാനത്തിലാണ് ജോലികള്‍ നടക്കുന്നത്. പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാര്‍ നിര്‍മ്മിച്ച സോമനാഥക്ഷേത്രത്തില്‍ ‘രുദ്രമാല’ എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ശിവന്‍റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിരവധി തവണ പല രാജാക്കന്മാരുടെയും ആക്രമണങ്ങള്‍ക്ക് വിധേയമായെങ്കിലും ഓരോ തവണയും ക്ഷേത്രം ഉയിര്‍ത്തെഴുന്നേറ്റു. 1951-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രം അവസാനമായി പുനര്‍നിര്‍മിക്കപ്പെട്ടത്.