വാഹനത്തിന് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി ‘ചെകുത്താനാക്കി റോഡിലൂടെ വിലസി.അതിനിടയിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പിഴ അടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അവരെ കളിയാക്കലായി. മോട്ടോര്‍ വാഹന വകുപ്പിനെ ഇങ്ങനെ പരിഹസിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
മോട്ടോര്‍ വാഹന വകുപ്പ് നിസാര കാര്യങ്ങള്‍ക്കു പോലും വലിയ തുക പിഴ ചുമത്തുന്നതായി കാണിച്ച് ഏതാനും ദിവസങ്ങളായി ചിലര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ്. കാറിന് അടിമുടി രൂപമാറ്റം വരുത്തിയതിന് മൂവാറ്റുപുഴ വച്ച് ഉടമയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ ഇതിനെതിരെ വാഹന ഉടമ പ്രചാരണം നടത്തി. പിഴ ചുമത്തിയ 48,000 രൂപയില്‍ 40,000 രൂപ ഫാന്‍സ് നല്‍കിയെന്നു പറഞ്ഞും ഇയാള്‍ രംഗത്തെത്തി. വകുപ്പിനെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചു.
ചില ഫേസ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങള്‍ പ്രചരിച്ചു. വാഹനങ്ങളുടെ രൂപം മാറ്റി വലിയ തുക കൈപ്പറ്റുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പിനെ ഇനിയും വെല്ലുവിളിച്ചുകൊണ്ട് രൂപമാറ്റം വരുത്തി വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനാണ് തീരുമാനം. അതോടൊപ്പം തെറ്റായ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.