ഓമനിച്ചു വളർത്തിയ കറവയുള്ള പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷം കാത്തിരുന്നു പിടികൂടി വകവരുത്തിയ മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ. കുമാർ (34) ആണ് അറസ്റ്റിലായത്.കഴിഞ്ഞ 8ന് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ നാലു വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും. ഒന്നര വർഷം മുൻപ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. കുമാറിന്റെ ഏക വരുമാന മാർഗമായിരുന്നു ഓമനിച്ചു വളർത്തിയ ഈ പശു
പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒന്നര വർഷം മുൻപ് കെണിവച്ചു കാത്തിരുന്ന ശേഷമാണ് കഴിഞ്ഞ ദിവസം പുലി കെണിയിലായത്.
മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി.ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.