ഇപ്പോളത്തെ കാലത്ത് എല്ലാംവരും തിരക്കിലാണ് അതുകൊണ്ട് തന്നെ വൈകിയുറക്കം പതിവായിരിക്കും. ഇത് നിങ്ങളെ രോഗിയാക്കാന്‍ വഴിയൊരുക്കും. ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചര്‍മരോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവ വലിയതോതില്‍ വര്‍ധിക്കുന്നതിന് കാരണം ഉറക്കുറവാണെന്നാണ്പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അനാവശ്യ ഭക്ഷണം, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം, രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കക്കുറവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം.
ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞാല്‍ അത് ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ (Metabolism) ബാധിക്കും. ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് തലച്ചോറിന് തുടര്‍ച്ചയായി എട്ട് മണിക്കൂറെങ്കിലും ഇടവിടാതുള്ള വിശ്രമം ആവശ്യമാണ്.
കരള്‍ അതില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങള്‍ ശുദ്ധീകരിക്കുന്നത് രാത്രിയാണ്. ഉറക്കം തകരാറിലാകുമ്പോൾ ഇവയുടെയെല്ലാം താളം തെറ്റുകയും തുടര്‍ച്ചയായ ഉറക്കപ്രശ്നങ്ങള്‍ ശരീരത്തെ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, ദഹനപ്രശ്നങ്ങള്‍, കുടലിലെ അള്‍സര്‍, അകാലവാര്‍ധക്യം, ലൈംഗികശേഷിക്കുറവ്, അമിതകോപം തുടങ്ങിയ രോഗങ്ങളും ഉറക്കമില്ലായ്മയുടെ പാര്‍ശ്വഫലങ്ങളാണ്.