കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരെ സംരക്ഷിക്കാനായുള്ള നിയമങ്ങള്‍ പ്രസിദ്ധീകരിച്ചു.ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- മത- ദേശ- ലിംഗഭേദമില്ലാതെ പരിഗണനയും സുരക്ഷയും നല്‍കുന്നതാണ് നിയമം.
ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ പേരടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും ഒരു പൊലീസുദ്യോഗസ്ഥനും ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമത്തിൽ പറയുന്നു.
അപകടത്തില്‍ പെടുന്നയാള്‍ക്കുണ്ടാകുന്ന പരിക്കോ മരണമോ, അവരെ ഏതെങ്കിലും തരത്തില്‍, രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമാകുകയില്ലെന്ന് 2019 ലെ മോട്ടോര്‍ വാഹന നിയമം ( ഭേദഗതി) വ്യക്തമാക്കുന്നുണ്ട്.
പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാൻ പലരും മടിച്ചുനിൽക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് നിയമഭേദഗതി 2019ൽ കൊണ്ടുവന്നത്. അപകടത്തില്‍പെട്ടവരെ സഹായിക്കാൻ ഇനി മടിച്ചുനിൽക്കരുത്.അങ്ങനെ മടിച്ചു നിൽക്കുമ്പോൾ ഒരു കുടുംബത്തിന്റെ ആശ്രയമാകും നഷ്പ്പെട്ടു പോകുന്നത്.നമ്മളെ കൊണ്ട് ചെയ്യാവുന്ന സഹായം ചെയ്യുക. നിയമവും സർക്കാരും ഇനി സംരക്ഷണം നൽകും.