നീല മതില്‍ പണിഞ്ഞു ബൈഡന്‍, ട്രംപ് പരാജയപ്പെടാൻ ഈ മതിൽ കാരണമാകുമോ ?

0
416
US-election
US-election

ട്രംപിനെതിരെ ബൈഡന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഉയര്‍ത്തിയ വിഖ്യാതമായ ‘നീല മതില്‍ (ബ്ലൂ വാള്‍)’ പ്രയോഗം. 270 ഇലക്ടറല്‍ വോട്ടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ബൈഡന് നിലവില്‍ 264 വോട്ടുകളായി. 213 വോട്ടുകള്‍ മാത്രമുള്ള ട്രംപിന് പ്രസിഡന്‍റ് പദവി ഏറെക്കുറെ അപ്രാപ്യമാണ്.ഡെമോക്രാറ്റുകളുടെ അടിയുറച്ച കോട്ടകളായ 18 സംസ്ഥാനങ്ങളെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നീല മതിലെന്ന് വിലയിരുത്തുന്നത്.

1992 മുതല്‍ 2012 വരെയുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളില്‍ ഈ സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി മാത്രമാണ് വിധിയെഴുതിയത്.ഇതിനിടയില്‍ രണ്ട് പ്രാവശ്യം, 2000ലും 2004ലും, റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ജോര്‍ജ് ഡബ്ല്യു. ബുഷ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ബ്ലൂ വാളിന് പുറത്തെ സംസ്ഥാനങ്ങളുടെ ബലത്തില്‍ മാത്രമാണ് ബുഷ് അന്ന് ജയിച്ചുകയറിയത്.

USA
USA

2016ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണെ ബ്ലൂ വാള്‍ സംസ്ഥാനങ്ങള്‍ നിഷ്പ്രയാസം വിജയത്തിലെത്തിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാല്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്കോണ്‍സെന്‍ എന്നീ മൂന്ന് നീല മതില്‍ സംസ്ഥാനങ്ങളില്‍ നേരിയ വ്യത്യാസത്തില്‍ ട്രംപ് വിജയിച്ചു. എന്നാല്‍, ഇത്തവണ ഇവ ബൈഡന്‍ തിരിച്ചുപിടിച്ചു. മിഷിഗണിലും വിസ്കോണ്‍സെനിലും വിജയിച്ച ബൈഡന്‍ നിര്‍ണായകമായ പെന്‍സില്‍വാനിയയില്‍ കടുത്ത മത്സരത്തിലുമാണ്. 20 ഇലക്ടറല്‍ വോട്ടുകളാണ് പെന്‍സില്‍വാനിയയില്‍ ഉള്ളത്. മിഷിഗണില്‍ 16ഉം വിസ്കോണ്‍സെനില്‍ 10ഉം വോട്ടുകളാണുള്ളത്.

അമേരിക്കല്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റൊണാള്‍ഡ് ബ്രൗണ്‍സ്റ്റെയിനാണ് ബ്ലൂ വാള്‍ എന്ന പദം 2009ല്‍ ആദ്യമായി ഉപയോഗിച്ചത്. റിപബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളെ റെഡ് വാള്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇവ അത്ര പ്രസക്തമല്ല. 2008ല്‍ റിപബ്ലിക്കന്‍മാരുടെ നിരവധി കോട്ടകള്‍ തകര്‍ത്താണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബറാക് ഒബാമ പ്രസിഡന്‍റായത്.

BLUE WALL
BLUE WALL

കലിഫോര്‍ണിയ, കണക്ടിക്കട്ട്, ഡെലവര്‍, ഹവായി, മൈനെ, ഇല്ലിനോയിസ്, മേരിലാന്‍ഡ്, മസാച്യുസാറ്റ്സ്, മിഷിഗണ്‍, മിനെസോട്ട, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഒറിഗണ്‍, പെന്‍സില്‍വാനിയ, റോഡ് ഐലന്‍ഡ്, വെര്‍മോണ്ട്, വാഷിങ്ടണ്‍, വിസ്കോണ്‍സെന്‍ എന്നീ 18 സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയയും ചേര്‍ന്നതാണ് ബ്ലൂ വാള്‍