ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍, ഇക്കുറി പ്രസാദ ശേഖരണം ഉണ്ടാകില്ല!

0
311

ഇക്കുറി ശബരിമലയിൽ പ്രസാദ ശേഖരണം ഉണ്ടാകില്ല. തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ആണ് ദേവസ്വം ബോർഡ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. അപ്പം, അരവണ എന്നിവ ആവശ്യത്തിന് മാത്രമേ ഈ വര്ഷം നിര്‍മിക്കൂ. 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ, മുന്‍വര്‍ഷങ്ങളില്‍ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. എന്നാൽ സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ ഈ കുറി കരുതല്‍ ശേഖരം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഭക്തരുടെ കണക്കനുസരിച്ചു ആവശ്യത്തിന് മാത്രമാകും ഈ തവണ പ്രസാദം തയാറാക്കുക. മുൻകൂട്ടി തയാറാക്കി വെക്കുന്ന രീതി ഈ പ്രാവിശ്യം ഉണ്ടാകില്ല. അരവണയും ഉണ്ണിയപ്പവും നടതുറക്കുന്നതിന്റെ തലേ ദിവസവും തയാറാക്കി വെക്കാനാണ് തീരുമാനം. കൂടാതെ ഈ പ്രാവിശ്യം വഴിപാട് പ്രസാദം സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതിയും തപാല്‍ വകുപ്പ് തുടങ്ങിയിട്ടുണ്ട്. അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, മഞ്ഞള്‍, കുങ്കുമം, അര്‍ച്ചന പ്രസാദം ഉൾപ്പെടെ ഉള്ളവയ്ക്ക് 450 രൂപയാണ് വില. എല്ലാ പോസ്റ്റോഫീസുകളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വൃശ്ചികം ഒന്നായ നവംബർ 16 മുതലാണ് ഭക്തർക്ക് ശബരിമലയിൽ കയറാനുള്ള അനുമതി നൽകിയിരിക്കുന്നത്. കൊറോണ ടെസ്റ്റ് ചെയ്തതിന്റെ റിസൾട്ടുമായിട്ടുവേണം ഭക്തർ ശബരിമല യാത്ര തുടങ്ങേണ്ടത്.