തലസ്ഥാനത്ത് പ്രതിപക്ഷമായിരുന്ന ബിജെപി ഭരണം പിടിക്കുമെന്നും മറ്റ് ജില്ലകളില്‍ സ്ഥിതി മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു എന്നാൽ ന്യൂനപക്ഷ വോട്ടുകളാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള പല വാര്‍ഡിലും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായോയെന്ന് അവര്‍ സംശയിക്കുന്നു.ജില്ല പ്രസിഡന്റ് വി.വി. രാജേഷ് ഉള്‍പ്പെടെ മത്സരിച്ച സ്ഥലങ്ങളില്‍ ഈ ആശങ്കയുണ്ട്. കഴിഞ്ഞതവണ ഒരു സ്വതന്ത്രന് ഉള്‍പ്പെടെ 35 സീറ്റില്‍ വിജയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇക്കുറി അത്രയും സീറ്റ് ലഭിക്കുമോയെന്ന ആശങ്കയാണ് നേതൃത്വത്തിന്. നൂറ് സീറ്റുകളില്‍ 55 മുതല്‍ 60 സീറ്റുവരെ വിജയിച്ച് അധികാരം നേടുമെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും സിറ്റിങ് സീറ്റുകളില്‍ പത്തിലധികം നഷ്ടപ്പെടുമെന്ന ആശങ്കയും അവര്‍ മറച്ചുവെക്കുന്നില്ല. എന്നാല്‍, പുതുതായി കൂടുതല്‍ വാര്‍ഡുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിക്കുന്നു.മുസ്ലിം പശ്ചാത്തലമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡുകളില്‍ മികച്ച പ്രകടനം കാഴ്ചെവക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
എന്നാല്‍, കോര്‍പറേഷനിലെ ചില വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാന്‍ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് വ്യക്തമാകുന്നത്.ജാതീയ നീക്കുപോക്കുകളും ചില വാര്‍ഡുകളില്‍ ബി.ജെ.പിക്ക് തിരിച്ചടിയായേക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ടാകുമെന്നും തിരുവനന്തപുരം ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ അംഗങ്ങള്‍ കൂടുമെന്നുമാണ് അവരുടെ മറ്റ് അവകാശവാദങ്ങള്‍.