വാഹനങ്ങളില്‍ നിലവിലുള്ളതായ സണ്‍കൂളര്‍ ഫിലിമും കര്‍ട്ടനും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമ ലംഘനങ്ങള്‍ കാണാതെ ആംബുലന്‍സുകളെ പോലും ഉപദ്രവിക്കുന്നതായാണ് ആക്ഷേപം.നിര്‍ഭയ കേസിനെ തുടര്‍ന്നാണ് സുപ്രിംകോടതി നിയമം കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആബുലന്‍സുകളില്‍ ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമാണ്.
കര്‍ട്ടനും സണ്‍കൂളര്‍ ഫിലിമും നീക്കിയാല്‍ രോഗികളുടെ സ്വകാര്യത നഷ്ടമാകും. സമൂഹമാദ്ധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് സ്ഥിതി ഭയാനകമാകുമെന്നാണ് വിലയിരുത്തല്‍. അത്യാസന്ന നിലയില്‍ രോഗികളെ കൊണ്ടുപോകുമ്പോൾ ആംബുലന്‍സില്‍ ഇ.സി.ജി റീഡിഗ് അറിയാനുള്ള മെഷീന്‍ ഘടിപ്പിക്കേണ്ട സാഹചര്യം ധാരാളമായി ഉണ്ടാകാറുണ്ട്. മാറിടം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലാണ് ഇതിന്റെ അനുബന്ധ ഭാഗങ്ങള്‍ ഘടിപ്പിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളായ രോഗികളുടെ നഗ്നത ഭാഗികമായെങ്കിലും വഴിയോരത്തും സ്വകാര്യ വ്യക്തികളുടെ സി.സി.ടി.വികളിലും പതിയും.
ഗര്‍ഭിണികള്‍ ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലും പ്രസവിച്ച നൂറുകണക്കിന് സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ പൊതുസമൂഹം കാണും. തീ പൊള്ളലേറ്റ രോഗിളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്ബോള്‍ ശരീരത്തില്‍ കോട്ടന്‍ തുണി ഉപയോഗിക്കാമെങ്കിലും പ്രയോഗികമല്ല. പലപ്പോഴും ഇത്തരം ആളുകളെ ഭാഗികമായോ പൂര്‍ണമായോ നഗ്നതയോടെയാണ് ആശുപത്രിയില്‍ എത്തിക്കാറുള്ളത്. ദീര്‍ഘ യാത്രയില്‍ രോഗിക്ക് മല,മൂത്ര വിസര്‍ജനം ചെയ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാന്‍ കഴിയില്ല. ആംബുലന്‍സിനുള്ളല്‍ വച്ചുതന്നെയാണ് ഇത് നിര്‍വഹിക്കാറുള്ളത്. ഇതുപോലെ തന്നെ കുഞ്ഞുങ്ങളെ ദീര്‍ഘയാത്രയില്‍ മുലയൂട്ടന്നതും ഒഴിവാക്കാന്‍ കഴിയില്ല.
മാനസിക അസ്വാസ്ഥ്യം ഉള്ള രോഗികളെ കൊണ്ടുപോകുന്ന സാഹചര്യം അതിലും ദയനീയമാണ്. അക്രമ സ്വഭാവമുള്ള രോഗികള്‍ വസ്ത്രങ്ങള്‍ പറിച്ചെറിയുന്നതിനും സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരും.ദിവസങ്ങളോളം പഴക്കമുള്ള മൃത ശരീരങ്ങള്‍ സഞ്ചരിക്കുന്ന കാഴ്ചവസ്തുക്കളാകും. ആംബുലന്‍സ് ഇത്തരം രോഗികളെ കൊണ്ടുപോകുമ്പോഴും ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴും ചുറ്റും ഓടി കൂടുന്നവര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ അടുത്ത ബന്ധുക്കള്‍ കാണുമ്പോഴുണ്ടാകുന്ന മാനഹാനി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. നിയമത്തില്‍ ആംബുലന്‍സുകള്‍ക്ക് ഇളവ് നല്‍കി ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കാനുള്ള നടപടി വേണമെന്നാണ് അഭിപ്രായം.നിലവില്‍ നിരോധനം ലംഘിച്ചാല്‍ 1250 രൂപയാണ് പിഴ ഈടാക്കുക.