കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കല്‍ കോളജില്‍ രക്തദാനം കുറഞ്ഞതോടെ രക്തക്ഷാമം അതിരൂക്ഷമായി തുടരുന്നു. നേരേത്ത വലിയതോതില്‍ യുവാക്കളടക്കം ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യുന്നത് പതിവായിരുന്നു. വിവിധ സംഘടനകളും രംഗത്ത് സജീവമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്.
ഇതോടെ മെഡിക്കല്‍ കോളജിലെ രക്തബാങ്കില്‍ പല ഗ്രൂപ്പുകളിലുമുള്ള രക്തത്തിനും ഇപ്പോള്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വിവിധ ഡിപ്പാര്‍ട്മെന്റുകളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത്.അപകടങ്ങളില്‍പെട്ടും മറ്റും എത്തുന്ന രോഗികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതായി വരും. ഇവക്കെല്ലാം രക്തവും ആവശ്യമായി വരും. നിലവിലുള്ള സ്റ്റോക്കില്‍നിന്നാണ് ഇപ്പോള്‍ ഇങ്ങനെയുള്ള ആവശ്യം നിറവേറ്റുന്നത്.
ഈ നില തുടര്‍ന്നാല്‍ രക്തത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടുകയും ശസ്ത്രക്രിയകള്‍ തന്നെ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ഇത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാകും.മെഡിക്കല്‍ കോളജില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബുണ്ട്. ഈ വാഹനം പല സ്ഥലങ്ങളില്‍ പോയി ക്യാമ്പുകള്‍ സംഘടിപ്പിച്ച് രക്തം ശേഖരിക്കാറുമുണ്ട്.
എന്നാല്‍, കോവിഡ് മൂലം ഇതിനും കഴിയുന്നില്ല. ഇപ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി രക്തത്തിെന്റ ആവശ്യം ഉന്നയിച്ച് പോസ്റ്റുകള്‍ ഇടുകയാണ് ചെയ്യുന്നത്.നെഗറ്റിവ് ഗ്രൂപ്പില്‍പെട്ട രക്തം ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.രക്തം ദാനം ചെയ്യാന്‍ ഏറെപ്പേര്‍ മുന്നോട്ടു വന്നെങ്കില്‍ മാത്രമേ വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്കും കഴിയൂ.