ജോ ബൈഡൻ്റെ സ്ഥാനാരോഹണ ചടങ്ങിനിടെ ആക്രമണം?

0
326
joe biden

ജനുവരി 21 യുഎസ് പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിനിടെ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സുരക്ഷാ മുന്നറിയിപ്പ്. സുരക്ഷാ സൈനികരിൽ നിന്നു പോലും ആക്രമണമുണ്ടാകാൻ സാധ്യത കൂടുതൽ ആണെന്നും ഇതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഥാനാരോഹണച്ചടങ്ങിൽ ഡ്യൂട്ടിയുള്ള 25000 നാഷണൽ ഗാര്‍ഡുകളെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാൻ ഒരുങ്ങുകയാണ് എഫ്ബിഐ.

ജനുവരി 6  യുഎസ് ക്യാപ്പിറ്റോള്‍ ഹില്ലിൽ ട്രംപ് അനുകൂലികള്‍ നടത്തിയ  അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പ് അറിയിച്ചത്. തന്ത്രപ്രധാനമേഖലയിലെ മന്ദിരങ്ങള്‍ക്കുള്ളിൽ കടന്ന ആക്രമണകാരികളെ ചില പോലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചതായും കണ്ടെത്തിയിരുന്നു. അന്ന് ആക്രമണം നടത്തിയ അതേ സംഘം തന്നെ നഗരത്തിൽ തുടരുന്നുണ്ടെന്നും അവര്‍ സ്ഥാനാരോഹണച്ചടങ്ങിൽ പുതിയ പ്രസിഡൻ്റിനും മറ്റു വിശിഷ്ടാതിഥികള്‍ക്കും നേര്‍ക്ക് ആക്രമണം നടത്തിയേക്കാമെന്നുമാണ് മുന്നറിയിപ്പ്.
joe biden
ചടങ്ങിനു 2 ദിവസം മാത്രം ബാക്കി നിൽക്കേ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് സൈനിക സെക്രട്ടറി റയാൻ മക്കാര്‍ത്തി വ്യക്തമാക്കി. അതേസമയം, ഇതുവരെ ആക്രമണം നടക്കുമെന്നതിൻ്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉന്നത നേതാക്കള്‍ വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സ്ഥാനാരോഹണച്ചടങ്ങിനിടെ ആക്രമണം നടത്താൻ സാധ്യതയുള്ള 200 പേരെ എഫ്ബിഐ തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെയും സര്‍ക്കാര്‍ മന്ദിരങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സായുധാക്രമണം നടക്കാനുള്ള സാധ്യതയ്ക്കൊപ്പം എഫ്ബിഐയെ അലട്ടുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണത്തിൽ പങ്കാളികളാകുമോ എന്നതാണ്.